| Friday, 30th August 2024, 4:16 pm

മലമ്പുഴ ഉദ്യാനത്തിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ച് വിടൽ; നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലമ്പുഴ: പാലക്കാട് മലമ്പുഴ ഉദ്യാനത്തിലെ ശുചീകരണ തൊഴിലാളികളെ പിരിച്ച് വിട്ട നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. മലമ്പുഴ ഉദ്യാനത്തിൽ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന 60 വയസ് കഴിഞ്ഞ ജീവനക്കാരോട് ജോലിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് മുന്നറിയിപ്പുകൾ നൽകുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യാതെയാണ് തൊഴിലാളികളെ പിരിച്ച് വിട്ടത്.

തുടർന്ന് തൊഴിലാളികൾ പ്രതിഷേധവുമായി മുന്നോട്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ ഉത്തരവ്. നിലവിലെ സാഹചര്യത്തിൽ ജീവനക്കാർക്ക് ജോലിയിൽ തുടരാമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഉദ്യാനത്തെയും ഡാം പരിസരത്തെയും ശുചീകരണ ജോലികൾ ചെയ്തിരുന്ന ജീവനക്കാരായിരുന്നു ഇവർ. ജീവിതവൃത്തിക്ക് മറ്റ് വഴിയില്ലെന്നും സർക്കാർ മനുഷ്യ സഹജമായ ഇടപെടൽ നടത്തണമെന്നും ഇവർ പറയുന്നു. ഉത്തരവ് രേഖാമൂലം നൽകാതെ നോട്ടീസ് ബോർഡിൽ ഇടുക മാത്രമാണ് ചെയ്തതതെന്നും മുപ്പതിലേറെ വർഷങ്ങളായി ജോലി ചെയ്യുന്ന തങ്ങൾ മറ്റുള്ളവർ പറഞ്ഞാണ് പിരിച്ചുവിട്ട വിവരമറിയുന്നതെന്നും ശുചീകരണ തൊഴിലാളികൾ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി എന്നിവരുടെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. സമരക്കാരെ പൊലീസ് ബലമായി പിടിച്ച് മാറ്റുകയായിരുന്നു. മലമ്പുഴ ഉദ്യാനം കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസിന്റെ ഭാഷ്യം.

Content Highlight: Dismissal of cleaning workers in Malampuzha ; The High Court stayed the proceedings

We use cookies to give you the best possible experience. Learn more