| Tuesday, 22nd February 2022, 7:55 am

എല്ലാ അന്വേഷണ ഏജന്‍സികളേയും പിരിച്ചുവിട്ട് ആ കവിയെ ഏകാംഗസേനയായി നിയമിക്കൂ: കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഭീകരതക്കെതിരെയുള്ള ഏകാംഗസേനയായി പ്രധാനമന്ത്രിയുടെ ഉപദേശകനായി മാറിയ കുമാര്‍ വിശ്വാസിനെ നിയമിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയോ ഒരു സ്വതന്ത്ര രാജ്യത്തിന്റെ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന കുമാര്‍ വിശ്വാസിന്റെ പ്രസ്താവനയെ മോദി പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബി.ജെ.പി എന്റെ എല്ലാ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. എന്നാല്‍ അവര്‍ക്ക് ഒന്നും തന്നെ കിട്ടിയില്ല. ഞാന്‍ ചോദിച്ചപ്പോള്‍, ഗാസിയാബാദിലെ ഒരു കവി കെജ്‌രിവാള്‍ തീവ്രവാദിയാണെന്ന തരത്തില്‍ സ്വപ്‌നം കണ്ടെന്നായിരുന്നു അവരുടെ മറുപടി. എല്ലാ അന്വേഷണ ഏജന്‍സികളേയും പിരിച്ചുവിട്ട് ആ കവിയെ ജോലിക്ക് നിര്‍ത്താന്‍ ഞാന്‍ മോദി ജിയോട് ആവശ്യപ്പെടുന്നു. ആരാണ് തീവ്രവാദിയെന്ന് അദ്ദേഹം പറയും,’ കെജ്‌രിവാള്‍ പറഞ്ഞു.

താന്‍ അഴിമതിക്കാരെ ഭയപ്പെടുത്തുന്ന ഒരു തീവ്രവാദിയാണ്. രണ്ട് തരം തീവ്രവാദികളുണ്ട്, ഒന്ന് ജനങ്ങളെ ഭയപ്പെടുത്തുന്നു, മറ്റൊന്ന് അഴിമതിക്കാരെ ഭയപ്പെടുത്തുന്നു. അഴിമതിക്കാരെ ഭയപ്പെടുത്തുന്ന തീവ്രവാദിയാണ് കെജ്‌രിവാള്‍. ഷോലെ സിനിമയിലെ ഒരു ഡയലോഗുണ്ട്…’ ജബ് ബച്ചാ ഭ്രഷ്ടാചാര്‍ കര്‍താ ഹേ തോ മാ കെഹ്തി ഹേ സോജാ ബേട്ട വര്‍ണ കെജ്‌രിവാള്‍ ആ ജായേഗ (ആരെങ്കിലും അഴിമതിയില്‍ ഏര്‍പ്പെട്ടാല്‍, അമ്മ പറയുന്നു- മകന്‍ ഉറങ്ങൂ, അല്ലെങ്കില്‍ കെജ്‌രിവള്‍ വരും) ‘ഷോലെ’ എന്ന സിനിമയിലെ ഒരു ഡയലോഗ് ഉദ്ധരിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു,

പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുമാര്‍ വിശ്വാസിന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് പറഞ്ഞിരുന്നു. കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും പാകിസ്ഥാന്റെ അതേ അജണ്ടയാണ്. ഇന്ത്യയെ തകര്‍ക്കാനും അധികാരം നേടുന്നതിനും വിഘടനവാദികളുമായി കൈകോര്‍ക്കുകയാണ് കെജ്‌രിവാളിന്റെ ലക്ഷ്യമെന്നുമാണ് മോദി പറഞ്ഞത്.

‘എ.എ.പി അധികാരം നേടുന്നതിനായി വിഘടനവാദികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. ആവശ്യമെങ്കില്‍ രാജ്യം തകര്‍ക്കാനും അവര്‍ തയ്യാറാണ്. അവരുടെ അജണ്ട രാജ്യത്തിന്റെ ശത്രുവായ പാകിസ്ഥാന്റെ അജണ്ടയില്‍ നിന്ന് വ്യത്യസ്തമല്ല. അതിനാലാണ് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാക്കിസ്ഥാന്റെ അതേ നിലപാട് അവര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് പഞ്ചാബില്‍ മയക്കുമരുന്ന് ശൃംഖല വര്‍ധിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്,’ മോദി പറഞ്ഞു.

ഒരു ദിവസം കെജ്‌രിവാള്‍ തന്നോട് പറഞ്ഞു, ഒന്നുകില്‍ താന്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുമെന്ന് അല്ലെങ്കില്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ (ഖാലിസ്ഥാന്‍) ആദ്യ പ്രധാനമന്ത്രിയാകുമെന്ന്. എന്ത് വില കൊടുത്തും അയാള്‍ക്ക് അധികാരം വേണമെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞതെന്നായിരുന്നു കുമാര്‍ വിശ്വാസ് പറഞ്ഞിരുന്നത്.

വിഷയത്തില്‍ കെജ്‌രിവാള്‍ പ്രതികരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ‘കെജ്‌രിവാള്‍ ഉത്തരം നല്‍കില്ല കാരണം കുമാര്‍ വിശ്വാസ് പറയുന്നത് സത്യമാണ്,’ രാഹുല്‍ പറഞ്ഞു.


Content Highlights: Dismiss all investigative agencies and appoint the poet as a lone force: Kejriwal criticizes Modi

We use cookies to give you the best possible experience. Learn more