| Sunday, 19th November 2023, 9:58 pm

44,000 പേർക്ക് വയറിളക്കം, 70,000 പേർക്ക് ശ്വാസകോശ അണുബാധ; കോളറ ഭീഷണി ഉയർത്തി ഗസയിലെ അന്തരീക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ മലിനജലം തെരുവുകളിൽ ഒഴുകുന്നതിനാൽ കോളറ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഭീഷണി. ശുചീകരണ സംവിധാനം പൂർണമായും നിലച്ച സാഹചര്യത്തിലാണ് മലിനജലം ഒഴുകുന്നത്.

ഇതിന് പുറമേ 23 ലക്ഷത്തോളം വരുന്ന ഗസ നിവാസികൾക്ക് കുടിവെള്ളം ലഭിക്കാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

കുടിവെള്ളത്തിന് മാർഗമില്ലാത്തതിനാൽ മലിനജലവും ഉപ്പുവെള്ളവും കുടിക്കുവാൻ കുട്ടികൾ നിർബന്ധിതരാകുകയാണ്.

ഗസയിൽ 44,000ത്തോളം പേർക്ക് വയറിളക്കവും 70,000ത്തോളം പേർക്ക് ശ്വാസകോശ അണുബാധയും സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ശൈത്യകാലം അടുത്തുകൊണ്ടിരിക്കെ മഴയും വെള്ളപ്പൊക്കവും സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

യു.എൻ.ആർ.ഡബ്ല്യു.എ കേന്ദ്രങ്ങളിൽ ഒരു ശുചിമുറി നൂറുകണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. ഇവിടെ തിരക്കേറുമ്പോൾ പൊതു ഇടങ്ങളിൽ പോലും ആളുകൾക്ക് മലവിസർജനം നടത്തേണ്ടി വരുന്നതായി ലോകാരോഗ്യ സംഘടനയുടെ റീജിയണൽ എമർജൻസി ഡയറക്ടർ റിച്ചാർഡ് ബ്രെണ്ണൻ അൽ ജസീറയോട് പറഞ്ഞു.

മാലിന്യ സംസ്കരണവും ശുചീകരണ സംവിധാനങ്ങളുടെ അഭാവവും പൊതുവിടങ്ങളിലെ മലവിസർജനവും പകർച്ച വ്യാധികൾക്ക് കാരണമാകുന്നുവെന്ന് ബ്രെണ്ണൻ പറയുന്നു.

വയറിളക്കം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയാണ് വ്യാപകമാകുന്നത്. അടിയന്തിരമായി മാനുഷിക സഹായം ലഭ്യമാക്കിയില്ലെങ്കിൽ കോളറ പൊട്ടിപ്പുറപ്പെടാനും സാധ്യതയുണ്ടെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

ഗസയിൽ കുടിക്കാനും ശുചീകരണത്തിനുമായി ഒരു ശരാശരി മനുഷ്യൻ മൂന്ന് ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. ഏറ്റവും ചുരുങ്ങിയത് ഏഴര ലിറ്റർ വെള്ളമാണ് ലോകാരോഗ്യ സംഘടന അടിയന്തിര സാഹചര്യങ്ങളിൽ ശുപാർശ ചെയ്യുന്നത്.

Content Highlight: Diseases spread in Gaza amid water and sewage crisis, cholera feared

Latest Stories

We use cookies to give you the best possible experience. Learn more