ന്യൂദല്‍ഹി: തൊഴിലില്ലായ്മ രോഗം ഇന്ത്യയില്‍ പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജോബ് ഇന്റര്‍വ്യൂവിനിടെ ഉണ്ടായ തിരക്കിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയില്‍ തൊഴിലില്ലായ്മ എന്ന രോഗം പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. 40 ഒഴിവുകളിലേക്ക് നടന്ന ജോബ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ 800ലധികം യുവാക്കളാണ് എത്തിയത്.
This is not Bihar, This is Not UP, This is not Rajasthan but Unemployed youth trying their luck during a job opening in a private hotel in Bharuch district, Gujarat.pic.twitter.com/6T7ZaZr9xo
— Mohammed Zubair (@zoo_bear) July 11, 2024
ഇന്റര്‍വ്യൂ നടക്കുന്ന കേന്ദ്രത്തിന് പുറത്തുള്ള തിക്കും തിരക്കും അകത്തേക്ക് കടക്കാന്‍ വേണ്ടി യുവാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുന്നതും അതില്‍ ചിലര്‍ കാല്‍വഴുതി വീഴുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വൈറലായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ എക്‌സിലെ പ്രതികരണം.
‘തൊഴിലില്ലായ്മ എന്ന രോഗം ഇന്ത്യയില്‍ ഒരു പകര്‍ച്ചവ്യാധി പോലെ പടരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ രോഗത്തിന്റെ പ്രഭവകേന്ദ്രം. ജോലിക്ക് വേണ്ടി ക്യൂവില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ഭാവിയാണ് നരേന്ദ്ര മോദിയുടെ അമൃത് കാൽ പദ്ധതിയുടെ യാഥാര്‍ത്ഥ്യം,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തിലെ ജനങ്ങളോട് ബി.ജെ.പി കാണിച്ച വഞ്ചനയുടെ തെളിവാണ് ഈ വീഡിയോ എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാര്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയും അവരുടെ ഭാവി നശിപ്പിക്കുകയും ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും അദ്ദേഹും കൂട്ടിച്ചേര്‍ത്തു.
‘പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. പേപ്പര്‍ ചോര്‍ച്ച, നിയമന അഴിമതി, വിദ്യാഭ്യാസ മാഫിയ, വര്‍ഷങ്ങളായി സര്‍ക്കാര്‍ ജോലികള്‍ ഒഴിഞ്ഞുകിടക്കുക, എ.സ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് തസ്തികകളില്‍ ബോധപൂര്‍വം നികത്തല്‍, അഗ്നിവീര്‍ പോലുള്ള പദ്ധതികള്‍ കൊണ്ടുവന്ന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുക. കോടിക്കണക്കിന് യുവാക്കള്‍ തൊഴിലിന് വേണ്ടി അലഞ്ഞു തിരിയേണ്ടി വന്നു. ഇവയെല്ലാമാണ് മോദി ഭരണത്തിന് കീഴില്‍ രാജ്യത്ത് ഉണ്ടായത്,’ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
Content Highlight: Disease of unemployment has taken form of epidemic in India: Rahul Gandhi