| Wednesday, 21st March 2018, 4:48 pm

മഴക്കാല രോഗങ്ങള്‍ക്ക് സര്‍ക്കാറിന്റെ 'ജാഗ്രത'; കോളറ വരുന്ന വഴി നിയന്ത്രിക്കണമെന്ന് ഇതര സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ കത്ത്

എ പി ഭവിത

മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ ദുരിതം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷം സര്‍ക്കാര്‍ നേരത്തെ തന്നെ “ആരോഗ്യ ജാഗ്രത” പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഇതിലുള്ളത്. പദ്ധതി നടപ്പാക്കുന്നതിനിടെയാണ് കോഴിക്കോട് ജില്ലയില്‍ വീണ്ടും കോളറ റിപ്പോര്‍ട്ട് ചെയ്തതും.

കുന്ദമംഗലത്തേക്ക് തൊഴില്‍ തേടി എത്തിയ പശ്ചിമബംഗാള്‍ സ്വദേശിക്കായിരുന്നു കോളറ. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം രോഗം ഭേദമായ ഇയാള്‍ സ്വദേശത്തേക്ക് തിരിച്ചു പോയെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനിടെയാണ് ആരോഗ്യവകുപ്പ് രോഗം വന്ന വഴിയെക്കുറിച്ച് ചിന്തിക്കുന്നത്.

കോഴിക്കോട് ജില്ലാ അഡീഷണല്‍ ഡി.എം.ഒ ആശാദേവി പറയുന്നത് ഇങ്ങനെയാണ്.” ട്രെയിനില്‍ നിന്ന് തന്നെ ഇയാള്‍ക്ക് രോഗം വന്നിരുന്നു. അവശനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഇയാളെ സുഹൃത്താണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളിയായതിനാല്‍ പെട്ടെന്ന് തന്നെ കോളറ രോഗമാണോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടത്തി.”

എന്നാല്‍ ഇയാളുടെ സുഹൃത്ത് താമസിച്ച വീടിന് സമീപത്തെ വെള്ളം പരിശോധിച്ചെങ്കിലും വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം നാട്ടില്‍ നിന്നോ വരുന്ന വഴിയോ രോഗം പിടിപെടാനാണ് സാധ്യതയെന്നും ആശാദേവി പറയുന്നു.

കഴിഞ്ഞ വര്‍ഷം അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ കോളറ പിടിപെട്ടത്. ഇതില്‍ മൂന്ന് കേസുകള്‍ മാവൂരിലും നരിക്കുനി, മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ ഓരോ കേസുകളുമായിരുന്നു. നരിക്കുനിയിലേയും മിഠായിത്തെരുവിലെയും തൊഴിലാളികളും നാട്ടില്‍ നിന്നും എത്തിയ ഉടനെയാണ് രോഗം പിടിപെട്ടത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രോഗം പിടിപ്പെടുന്നതെന്ന് നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത് ഇങ്ങനെയാണ്.

തുടര്‍ന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാറിനും ചെന്നൈ സെന്റട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ക്കും കത്തെഴുതി. രോഗം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് തൊഴിലാളികളെത്തുന്ന പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ക്കും ആരോഗ്യവകുപ്പ് കത്തയച്ചിട്ടുണ്ട്.

വേനല്‍ക്കാലത്ത് ജലജന്യരോഗങ്ങളാണ് കൂടുതല്‍ കാണുന്നതെങ്കിലും കൊതുകുജന്യരോഗങ്ങളും പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഡെങ്കിപ്പനിയാണ് കഴിഞ്ഞ മഴക്കാലത്ത് സംസ്ഥാനത്ത് ഏറ്റവും ദുരിതം വിതച്ചത്. വേനല്‍മഴ പെയ്തതോടെ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട്, കൊല്ലം,കോഴിക്കോട് ജില്ലകളിലാണ് ഈ മാസം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഇരുപതാം തിയ്യതി വരെ 113 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 43 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. വേനല്‍ക്കാല രോഗങ്ങളായ മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ് എന്നിവ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 71580 പേര്‍ക്കാണ് വയറിളക്കം ബാധിച്ചത്. നാലുപേര്‍ക്ക് ഈ മാസങ്ങളില്‍ കോളറയും പിടിപെട്ടിട്ടുണ്ട്.
ഇത്തവണ നേരത്തെ തന്നെ ആരോഗ്യവകുപ്പ് മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഫലപ്രദമായി നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ റീന.കെ.ജെ അറിയിച്ചു.

“നവംബര്‍ ഒന്ന് മുതല്‍ തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാധാരണ ഏപ്രില്‍ മാസത്തിലാണ് ഇത് തുടങ്ങാറുള്ളത്. എല്ലാ വകുപ്പുകളേയും സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്”. ഡോക്ടര്‍ റീന പറഞ്ഞു. ആരോഗ്യ ജാഗ്രത പദ്ധതി നടപ്പാക്കുന്നതിനായി ഓരോ ജില്ലയിലും ഓരോ മന്ത്രിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. 50 വീടുകള്‍ക്ക് ഒരു ജീവനക്കാരന്‍ എന്ന നിലയിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.

ആരോഗ്യ ജാഗ്രത ആപും പുറത്തിറക്കിയിട്ടുണ്ട്. ഒരു പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗം മുന്‍കൂട്ടി അറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്ന് അറിയിക്കാനുമാണ് ആരോഗ്യവകുപ്പ് ആപ്പ് പുറത്തിറിക്കിയിരിക്കുന്നത്. ഹരിത കേരള മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ആരോഗ്യസേന, സന്നദ്ധ സംഘടനകള്‍ എന്നിവയും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞ മഴക്കാലത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നായിരുന്നു ആരോഗ്യവകുപ്പിനെതിരെ ഉയര്‍ന്ന വലിയ വിമര്‍ശനം. ആ വീഴ്ച മറികടക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. എന്നാല്‍ നിയന്ത്രണവിധേയമായ പല രോഗങ്ങളും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നുള്‍പ്പെടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ചെയ്യുന്നത് വലിയൊരു പരീക്ഷണം കൂടിയാവുന്നുണ്ട്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more