ഗസ: ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ കുട്ടികൾ അസുഖങ്ങൾ മൂലം മരണപ്പെടുമെന്ന് യു.എൻ ഏജൻസിയുടെ മുന്നറിയിപ്പ്.
ഗസയിൽ ഉടൻ മാനുഷിക സഹായം ലഭ്യമാക്കണമെന്നും അല്ലെങ്കിൽ സ്ഥിതി വഷളാകുമെന്നും യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ അറിയിച്ചു.
‘ആവശ്യത്തിന് ശുദ്ധ ജലവും ഭക്ഷണവും ശുചീകരണവും ഇല്ലെങ്കിൽ ഗസയിൽ മരണപ്പെടുന്ന കുട്ടികളുടെ എണ്ണം ഇസ്രഈലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളെക്കാൾ കൂടുതൽ ആയിരിക്കും. അടിയന്തിര വെടിനിർത്തലിന് മാത്രമേ അത് തടയാനാകൂ,’ യൂണിസെഫിന്റെ എക്സ് അക്കൗണ്ടിൽ എൽഡർ പോസ്റ്റ് ചെയ്തു.
ഇസ്രഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20,000ത്തോട് അടുത്തിരിക്കുകയാണ്. ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതിൽ 7,700 ലധികം കുട്ടികളാണ്.
കുട്ടികളെ സംബന്ധിച്ച് ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലം ഗസയാണെന്ന് നേരത്തെ യൂണിസെഫ് പറഞ്ഞിരുന്നു.
ഗസയിൽ ഓരോ 10 മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുകയാണെന്ന് അന്താരാഷ്ട്ര സംഘടനകൾ വ്യക്തമാക്കിയിരുന്നു.
ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ആളുകൾ അസുഖങ്ങൾ മൂലം കൊല്ലപ്പെടാമെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.
കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉപ്പുവെള്ളമാണ് മിക്ക കുട്ടികളും കുടിക്കുന്നത്.
ഗസയിലെ സ്കൂളുകളും വീടുകളുമെല്ലാം ഇസ്രഈൽ ആക്രമണങ്ങളിൽ തകർന്നിരിക്കുകയാണ്. ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കും നേരെയും ആക്രമണങ്ങൾ വ്യാപകമാണ്.
Content Highlight: Disease could kill more children in Gaza than Israeli bombings: UN official