[]ചരിത്രത്തിലാദ്യമായി സ്വിഫ്ടിനെക്കാള്‍ വില്‍പ്പന ഡിസയര്‍ നേടി. ഏപ്രിലില്‍ സ്വിഫ്ട് 16,530 എണ്ണം വില്‍പ്പന നേടിയസ്ഥാനത്ത് ഡിസയറിന്റേത് 19,446 എണ്ണമായിരുന്നു.
ഇതോടെ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാരുതി ആള്‍ട്ടോയ്ക്ക് തൊട്ടുപിന്നില്‍ സ്ഥാനം നേടാന്‍ മാരുതിയുടെ എന്‍ട്രി ലെവല്‍ സെഡാന് കഴിഞ്ഞു.[]
ആള്‍ട്ടോയും ഡിസയറുമായി വില്‍പ്പനയില്‍ വെറും 400 എണ്ണത്തിന്റെ വ്യത്യാസമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഹോണ്ട അമെയ്‌സ് എന്ന ശക്തനായ എതിരാളി രംഗപ്രവേശം ചെയ്തശേഷവും ഡിസയറിനു ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹാച്ച്ബാക്കായ സ്വിഫ്ടിന്റെ സെഡാന്‍ പതിപ്പായി 2008 ല്‍ വിപണിയിലെത്തിയ ഡിസയര്‍ തുടക്കം മുതല്‍ ബെസ്റ്റ് സെല്ലറായിരുന്നു. പ്രതിമാസം ശരാശരി 10,000 എണ്ണം വില്‍പ്പന നേടാന്‍ ഡിസയറിനുകഴിഞ്ഞു.
നാലുമീറ്ററില്‍ താഴെ നീളമുള്ള പുതിയ ഡിസയറിനെ മാരുതി സുസൂക്കി പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. വലുപ്പം കുറച്ചപ്പോള്‍ ലഭിച്ച എക്‌സൈസ് തീരുവ ഇളവ് വണ്ടി വില കുറയ്ക്കാന്‍ കമ്പനിയ്ക്കു സഹായകമായി.
പുതിയ ഡിസയര്‍ വന്നതോടെ വില്‍പ്പന വീണ്ടും മെച്ചപ്പെട്ടു. ശരാശരി പ്രതിമാസ വില്‍പ്പന 15,000 എണ്ണമായി ഉയര്‍ന്നു. ഇതിനോടകം രണ്ടു ലക്ഷത്തിലേറെ എണ്ണം വില്‍പ്പന നടന്ന മോഡലിനു നിലവില്‍ 27,000 ബുക്കിങ്ങുണ്ട്.
ഏപ്രിലിലെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനം സ്വിഫ്ടും ( 16,530 എണ്ണം) നാലാം സ്ഥാനം മാരുതി വാഗണ്‍ ആറും ( 12,729 എണ്ണം ) നേടി. ഹ്യുണ്ടായിയുടെ ഇയോണ്‍ ( 8,350 എണ്ണം ) അഞ്ചാം സ്ഥാനത്തുണ്ട്.