ഒരു നടന്റെ ഫാന്‍ബേസ് എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നത് അയാളുടെ സിനിമകളുടെ ആദ്യദിവസം കിട്ടുന്ന വരവേല്പിലൂടെയാണ്. കാത്തിരുന്ന് പുറത്തിറങ്ങുന്ന ചിത്രം ആദ്യദിനം ആര്‍ത്തുവിളിച്ചും വിസിലടിച്ചും ആഘോഷിക്കാനാണ് ഓരോ ആരാധകനും ആഗ്രഹിക്കുക. തന്റെ ഇഷ്ടനടന്റെ സിനിമയുടെ റിലീസ് ഉത്സവം പോലെ കൊണ്ടാടുന്നത് കാണാന്‍ തന്നെ രസകരമായ കാഴ്ചയാണ്.
ഇന്ത്യയിലെ ഓരോ ഇന്‍ഡ്‌സട്രിയിലെയും ടോപ് സ്റ്റാറുകളുടെ സിനിമകള്‍ ഇത്തരത്തില്‍ ആഘോഷമാക്കുന്നുണ്ട്. തെലുങ്കില്‍ അല്ലു അര്‍ജുന്‍, പ്രഭാസ്, മഹേഷ് ബാബു എന്നിവരുടെ സിനിമകള്‍ ആഘോഷമാകുമ്പോള്‍ തമിഴില്‍ വിജയ്, അജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ഉത്സവപ്രതീതി ജനിപ്പിക്കുന്നു. കേരളത്തില്‍ ഒരു സിനിമയുടെ റിലീസ് ഉത്സവം പോലെ ആഘോഷിക്കുന്നത് പ്രധാനമായും രണ്ട് താരങ്ങളുടെ സിനിമകള്‍ക്കാണ്.
അതില്‍ ആദ്യത്തെയാള്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലാണ്. നാല് പതിറ്റാണ്ടിലധികമായി മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിന്റെ പല സിനിമകളും പ്രായഭേദമന്യേ പലരും ആഘോഷമാക്കാറുണ്ട്. മോളിവുഡിന്റെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ എന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് കിട്ടുന്ന ക്ലീന്‍ പോസിറ്റീവ് റിവ്യൂവാണെന്ന് പറഞ്ഞാലും അതില്‍ അതിശയിക്കാനില്ല.
രണ്ടാമത്തെ നടന്‍ വിജയ്‌യാണ്. കേരളത്തിന്റെ ദത്തുപുത്രന്‍ എന്നറിയപ്പെടുന്ന അന്യഭാഷാതാരമാണ് വിജയ്. കേരള ബോക്‌സ് ഓഫീസില്‍ പല വിജയ് ചിത്രങ്ങള്‍ക്കും കിട്ടുന്ന സ്വീകാര്യത ഇവിടെയുള്ള ടോപ് താരങ്ങള്‍ക്ക് പോലും പലപ്പോഴും അവകാശപ്പെടാന്‍ സാധിക്കുന്നില്ല എന്ന് കാണുമ്പോഴാണ് വിജയ്ക്ക് കേരളത്തിലുള്ള ഫാന്‍ബേസ് മനസിലാകുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ വിജയ്, മോഹന്‍ലാല്‍ എന്നീ പേരുകളാണ് കൂടുതലായും കാണാന്‍ സാധിക്കുന്നത്. ആദ്യ പത്തില്‍ ആറെണ്ണവും മോഹന്‍ലാലിന്റെയും വിജയ്‌യുടെയും പേരിലാണ്. നെഗറ്റീവ് മുതല്‍ ആവറേജ് റിവ്യൂ വരെ ലഭിച്ച സിനിമകളാണ് ഇതിലധികവും.
കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയത് വിജയ് ചിത്രം ലിയോയാണ്. 12 കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ ഒരു നടനും എട്ട് കോടിക്ക് മുകളില്‍ ആദ്യദിനം നേടാന്‍ ഇതുവരെ സാധിച്ചില്ലെന്നറിയുമ്പോഴാണ് വിജയ് എന്ന താരത്തിന്റെ ഇംപാക്ട് നമുക്ക് മനസിലാവുക.
ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ മലയാളസിനിമകള്‍ നോക്കിയാല്‍ അതില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ഒടിയനാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹര്‍ത്താലിനെപ്പോലും വകവെക്കാതെയാണ് ഒടിയന്‍ കേരള ബോക്‌സ് ഓഫീസില്‍ ഇത്രയും വലിയ റെക്കോഡിട്ടത്. 7.25 കോടിയായിരുന്നു ഒടിയന്റെ ഫസ്റ്റ് ഡേ കളക്ഷന്‍.
ലിയോയുടെ ആദ്യദിന കളക്ഷനില്‍ പലരും പറയുന്ന കാര്യങ്ങളിലൊന്ന് അതിന്റെ ഹൈപ്പായിരുന്നു. എല്‍.സി.യു ആണോ അല്ലയോ എന്ന ചര്‍ച്ചകളാണ് ചിത്രത്തിന്റെ കളക്ഷന്‍ ഇത്രയും കൂടാന്‍ കാരണമെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അതിലും വിജയ് എന്ന താരത്തിന് വലിയ പങ്കുണ്ടെന്നുള്ള സത്യം വിമര്‍ശകര്‍ മറന്നിരിക്കാനാണ് സാധ്യത.
ഇപ്പോഴിതാ ലിയോ കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയ കളക്ഷന്‍ മോഹന്‍ലാല്‍ മറികടക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. മലയാളത്തിലെ ഏറ്റവും വലിയ റിലീസായെത്തുന്ന എമ്പുരാന്‍ ലിയോയെ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റിലീസിന് അഞ്ച് ദിവസം ബാക്കിനില്‍ക്കെ ബുക്കിങ്ങിലൂടെ മാത്രം എട്ട് കോടിക്കുമുകളില്‍ സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ഇതേ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ ലിയോയുടെ റെക്കോഡ് പഴങ്കഥയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എമ്പുരാന്‍ നേടുന്ന ആദ്യദിന കളക്ഷന്‍ മറികടക്കാന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രമോ അല്ലെങ്കില്‍ വിജയ്‌യുടെ ജനനായകനോ തന്നെ വേണ്ടിവരും. ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റൊരു നടന്‍ ഈ കളക്ഷന്‍ മറികടക്കുന്നത് താരതമ്യേന പ്രയാസമേറിയ ഒന്നാണ്. കാരണം, കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ താരങ്ങളാണ് മോഹന്‍ലാലും വിജയ്‌യും.
Content Highlight: Discussions that Empuraan will break the first day collection of Leo