| Tuesday, 2nd May 2023, 7:02 pm

ഐ.എസിലേക്ക് പോയ 31,997 പേരെ രണ്ട് ദിവസം കൊണ്ട് തിരികെ എത്തിച്ച ജീക്ക് അഭിവാദ്യം; കേരള സ്‌റ്റോറിയുടെ യുട്യൂബ് വിവരണത്തിലെ തിരുത്തലില്‍ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള സ്‌റ്റോറിയെന്ന വിദ്വേഷ സിനിമയുടെ ട്രെയിലറിന്റെ യുട്യൂബ് വിവരണത്തില്‍ നടത്തിയ തിരുത്തലിലുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമ പ്രേമികളുമടക്കം ഈ തിരുത്തലിനെയും തിരുത്തലിലേക്ക് വഴിവെച്ച നീക്കങ്ങളെയും കുറിച്ചാണ് ഇപ്പോള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

‘ഒറ്റ രാത്രി കൊണ്ട് ധാരാവി ഒഴിപ്പിച്ച കഥ പോലെയാണ് കേരള സ്‌റ്റോറിയിലെ കേരളത്തില്‍ നിന്നും ഐ.എസിലേക്ക് പോയ 32000 സ്ത്രീകള്‍ മൂന്നായി ചുരുങ്ങിയ കഥ’ എന്നാണ് സ്വാമി സന്ദീപാനന്ദ ഗിരി ഈ തിരുത്തലിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ആരോ പറഞ്ഞപോലെ ”എവിടെ പരിപാടി അവതരിപ്പിച്ചാലും”….’ എന്ന വാക്കുകളോടെയാണ് അദ്ദേഹം മൂന്ന് വരി മാത്രമുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രസകരമായ കമന്റുകളും അദ്ദേഹത്തിന്റെ പോസ്സിന് താഴെ കാണാം

സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍

‘ഐ.എസിലേക്ക് പോയ 31,997 പേരെ രണ്ട് ദിവസം കൊണ്ട് തിരികെ എത്തിച്ച ജീ..ക്ക് അഭിവാദ്യം അര്‍പ്പിക്കൂ സ്വാമീ’ എന്നാണ് ജംഷീര്‍ പറവെട്ടി എന്നയാള്‍ സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഡിസ്‌ക്രിപ്ഷനിലെങ്കിലും ഇത്തരം ഒരു തിരുത്തലിലേക്ക് വഴി വെച്ചത് മലയാളികള്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ മലയാളികള്‍ ഒരുമിച്ച് നടത്തിയ ചെറുത്ത് നില്‍പാണെന്നും, അതില്‍ അഭിമാനം കൊള്ളുന്നു എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡണ്ടുമായ വി.ടി. ബല്‍റാമും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ‘32,000 കേരളീയ വനിതകള്‍ എന്നത് ഒറ്റയടിക്ക് 3 വനിതകള്‍ ആയിട്ടുണ്ട്. അല്ല, ആക്കിയിട്ടുണ്ട് സംഘികള്‍. ആക്കേണ്ടി വന്നിട്ടുണ്ട് സംഘികള്‍ക്ക് ‘ എന്ന തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ  ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഇരുവര്‍ക്കും പുറമെ ജോണ്‍ ബ്രിട്ടാസ് എം.പി. ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ പ്രതികരങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

വലിയ വിവാദങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കേരള സ്‌റ്റോറിയുടെ യുട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്. നേരത്തെ 32,000 സ്ത്രീകള്‍ കേരളത്തില്‍ നിന്നും ഐ.എസിലേക്ക് പോയി എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഡിസ്‌ക്രിപ്ഷന്‍.

എന്നാല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സംഭവിച്ച കഥ എന്നാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. അതേ സമയം അഞ്ച് മാസം മുമ്പ് പുറത്തുവിട്ട സിനിമയുടെ ടീസറില്‍ 32,000 സ്ത്രീകള്‍ എന്ന ഡിസ്‌ക്രിപ്ഷന്‍ ഇപ്പോഴുമുണ്ട്.

content highlights: Discussions on social media about the correction made in the description of the Kerala story film

We use cookies to give you the best possible experience. Learn more