| Friday, 1st March 2024, 12:37 pm

മണ്ണും ചാരി നിന്ന ബോളിവുഡ് ക്രെഡിറ്റും കൊണ്ടുപോയി: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദൃശ്യം ഹോളിവുഡ് റീമേക്ക് വാര്‍ത്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നാണ് 2013ല്‍ റിലീസായ ദൃശ്യം. ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം ആ വര്‍ഷത്തെ കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. തമിഴ് റീമേക്കില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. പാപനാസം എന്ന പേരില്‍ ഇറങ്ങിയ സിനിമയുടെ സംവിധായകന്‍ ജിത്തു തന്നെയായിരുന്നു. ഇതിന് പിന്നാലെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.

ഇന്ത്യന്‍ ഭാഷകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ദൃശ്യത്തിന്റെ പ്രശസ്തി. ശ്രീലങ്കന്‍, ചൈനീസ് ഭാഷകളിലും റീമേക്ക് ഇറങ്ങി ഏറ്റവും കൂടുതല്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമ എന്ന റെക്കോഡ് സ്വന്തമാക്കി. 2021ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഒ.ടി.ടി റിലീസായിട്ടായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ഇന്ത്യക്കകത്തും പുറത്തും ചിത്രം ചര്‍ച്ചചെയ്യപ്പെട്ടു. തമിഴ് ഒഴികെ ബാക്കി ഇന്ത്യന്‍ ഭാഷകളില്‍ രണ്ടാം ഭാഗം റീമേക്ക് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ദൃശ്യത്തിന്റെ ഹോളിവുഡ് റൈറ്റ്‌സ് വിറ്റുപോയെന്നും ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്ത പുറത്തുവന്നത്. ഹിന്ദി റൈറ്റ്‌സ് സ്വന്തമാക്കിയ പനോരമാ സ്റ്റുഡിയോസാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത ചില ഹിന്ദി മാധ്യമങ്ങള്‍ അജയ് ദേവ്ഗണ്‍ ചെയ്ത ഹിന്ദി വെര്‍ഷനെയാണ് കവര്‍ ഫോട്ടോയായി വെച്ചത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

ഒറിജിനല്‍ വേര്‍ഷനായ മലയാളം ദൃശ്യത്തിന്റെ ഫോട്ടോ വെക്കാത്തത് നീതികേടാണെന്നും, ഇതിനൊക്കെ കാരണമായ മലയാളം വേര്‍ഷനെ മെന്‍ഷന്‍ ചെയ്യാതിരുന്നത് മോശമാണെന്നും പറഞ്ഞുകൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. ഇതിനെല്ലാം കാരണം ആന്റണി പെരുമ്പാവൂരാണെന്നും രണ്ടാം ഭാഗത്തിന്റെ റീമേക്ക് എങ്കിലും കൊടുക്കാതിരിക്കാമായിരുന്നെന്നും പറഞ്ഞുകൊണ്ട് ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഫേസ്ബുക്കിലെ ചില ബോളിവുഡ് പേജിന്റെ കമന്റ് ബോക്‌സില്‍ മലയാളമാണ് ഒറിജിനലെന്ന് പറഞ്ഞുകൊണ്ട് ചിലര്‍ കമന്റിടുന്നതും കാണാനാകും.

മലയാളത്തില്‍ വേറൊരു സിനിമക്കും ലഭിക്കാത്ത സ്വീകാര്യത ദൃശ്യത്തിന് ലഭിച്ചപ്പോള്‍ പോലും അതില്‍ സന്തോഷിക്കാന്‍ വകയില്ലാത്തതില്‍ നിരാശയിലാണ് ഒരുവിഭാഗം സിനിമാപ്രേമികള്‍.

Content Highlight: Discussions in social media about Bollywood stolen the credit Drishyam Hollywood remake

We use cookies to give you the best possible experience. Learn more