| Friday, 1st November 2024, 2:29 pm

ഫഫയോ ഡോണ്‍ ലീയോ? പോസ്റ്ററിറങ്ങി മണിക്കൂറുകള്‍ കഴിയും മുമ്പേ ചര്‍ച്ചയായി എമ്പുരാന്റെ പോസ്റ്റര്‍

എന്‍ ആര്‍ ഐ ഡെസ്ക്

മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. 2019ല്‍ റിലീസായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാനസംരംഭമായ എമ്പുരാനില്‍ ആദ്യ ഭാഗത്തിലെ പല താരങ്ങളും അണിനിരക്കുന്നുണ്ട്. ആറോളം വിദേശരാജ്യങ്ങളിലായി ഒരുങ്ങുന്ന എമ്പുരാന്റെ ഷൂട്ട് അവസാനഘട്ടത്തോടടുക്കുകയാണ്. ചിത്രത്തിന്റേതായ പുറത്തുവന്ന പോസ്റ്ററുകളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ പോസ്റ്ററിനെ ചൊല്ലിയാണ് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഷര്‍ട്ടില്‍ ഡ്രാഗണ്‍ ചിഹ്നം പതിപ്പിച്ച ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ആ കഥാപാത്രം ആരെന്നുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ജാപ്പനീസ് അധോലോകമായ യാകുസായിലെ അംഗമാണെന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡോണ്‍ ലീ എന്നറിയപ്പെടുന്ന മാ ഡോങ് സിയോക് ആകുമെന്നുമാണ് ചിലര്‍ വാദിക്കുന്നത്.

ഡോണ്‍ ലീ എമ്പുരാന്റെ ഭാഗമാകുന്നുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മാ ഡോങ് സിയോകിനെപ്പോലൊരു വമ്പന്‍ സ്റ്റാറിനെ താങ്ങാന്‍ മലയാളത്തിന് കഴിയില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ആ കഥാപാത്രം ഫഹദ് ആണെന്നാണ് മറ്റുചിലരുടെ വാദം. ഫഹദിന്റെ അതേ ശരീരപ്രകൃതമാണ് പോസ്റ്ററില്‍ കാണുന്നയാള്‍ക്കെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാദം അംഗീകരിക്കാത്തവരുമുണ്ട്.

ഇവര്‍ രണ്ടുപേരുമല്ല ധനുഷ് ആയിരിക്കും ആ കഥാപാത്രമെന്ന് പറയുന്നവരും കുറവല്ല. രായന്റെ ഷൂട്ടിന് ബ്രേക്ക് നല്‍കി ധനുഷ് എമ്പുരാനില്‍ അഭിനയിച്ചിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ചിത്രം റിലീസാകാന്‍ അഞ്ച് മാസം ഇനിയും ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ എമ്പുരാനെ ലൈവാക്കി നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്. 2025 മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുക. ഈദ്, ഈസ്റ്റര്‍ അവധി ദിനങ്ങള്‍ ഒന്നിച്ചുവരുന്നതിനാല്‍ ആദ്യ വീക്കെന്‍ഡില്‍ തന്നെ ഗംഭീര കളക്ഷനാണ് എമ്പുരാന്റെ ക്രൂ കണക്കുകൂട്ടുന്നത്.

ആദ്യഭാഗത്തിന്റെ അതേ ക്രൂവിനെത്തന്നെയാണ് പൃഥ്വി വീണ്ടും കൂടെ കൂട്ടിയിരിക്കുന്നത്. ആശീര്‍വാദ് പ്രൊഡക്ഷന്‍സിനൊപ്പം സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ഖുറേഷി അബ്രാമിന്റെ വിശ്വരൂപം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Discussions going on after Empuraan’s new poster release

We use cookies to give you the best possible experience. Learn more