ചർച്ച പരാജയം; കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേസ് നൽകിയത് തടസമാണെന്ന് കേന്ദ്രം പറഞ്ഞതായി ധനമന്ത്രി
Kerala News
ചർച്ച പരാജയം; കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേസ് നൽകിയത് തടസമാണെന്ന് കേന്ദ്രം പറഞ്ഞതായി ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th February 2024, 8:26 pm

ന്യൂദൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള ചർച്ച പരാജയമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

ചർച്ചയ്ക്ക് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ നൽകിയ കേസ് തടസ്സമെന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് ദൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം നൽകിയെന്നും എന്നാൽ പ്രധാന വിഷയങ്ങളിൽ അനുകൂല മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെക്രട്ടറി തലത്തിലുള്ള ചർച്ച തുടരുമെന്നും ധനമന്ത്രി അറിയിച്ചു.

കടമെടുപ്പ് പരിധി വെട്ടി കുറച്ചതിനെതിരെ കേന്ദ്രസർക്കാരും കേരള സർക്കാരും തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച നടത്തിയത്.

അഡ്വക്കേറ്റ് ജനറൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഫണ്ട് അടിയന്തരമായി ലഭിച്ചില്ലെങ്കിൽ പ്രൊവിഡന്റ് ഫണ്ട് വിതരണം ഉൾപ്പെടെ പ്രതിസന്ധിയിൽ ആകുമെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് വിഷയം ചർച്ച ചെയ്തുകൂടെയെന്ന് പരമോന്നത കോടതി ചോദിച്ചത്.

Content Highlight: Discussion with central government on fiscal rights a failure says KN Balagopal