മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍; എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബി.ജെ.പിയുടെ വിപ്പ്
national news
മുത്തലാഖ് ബില്‍ ഇന്ന് ലോക്സഭയില്‍; എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ബി.ജെ.പിയുടെ വിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 8:33 am

ന്യുദല്‍ഹി: ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് പാര്‍ലമെന്റിന്‍റ് സമ്മേളനം പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്‍ പാസാക്കുന്നതിന് പിന്തുണയുമായി ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും ഹാജരാവണമെന്നു കാണിച്ച് പാര്‍ട്ടി വിപ് നല്‍കിയിട്ടുണ്ട്.

ഒറ്റയടിക്ക് വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലാണ് ലോക്‌സഭ ചര്‍ച്ചക്കെടുക്കുന്നത്. മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ച നടത്തുന്നതിന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മതം അറിയിച്ചിരുന്നു.

Read Also: മധ്യപ്രദേശിലെ സമീപനം ചൊടിപ്പിച്ചു; കോണ്‍ഗ്രസ് സഖ്യത്തോടുള്ള എതിര്‍പ്പിന് കാരണം വ്യക്തമാക്കി അഖിലേഷ് യാദവ്

അതേസമയം പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെയും രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷത്തിന്റെയും അവകാശ ലംഘന നോട്ടീസില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനിടയിലാണ് രാജ്യത്തെ മുഴുവന്‍ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ 10 അന്വേഷണ ഏജന്‍സികള്‍ക്ക് നിരുപാധിക അനുമതി നല്‍കിയ ഉത്തരവും പുറത്തുവന്നത്.

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ അംഗം ബിനോയ് വിശ്വം രാജ്യസഭ ചെയര്‍മാന് നോട്ടീസ് നല്‍കിയെങ്കിലും കാര്യമായി പരിഗണിക്കാന്‍ സഭ തയ്യാറായിട്ടില്ല.