എമ്പുരാന്‍ നടത്തുന്ന സംഹാരതാണ്ഡവം അടങ്ങുന്നിന് മുമ്പേ സമ്മര്‍ റിലീസുകള്‍ക്കായി ഒരുങ്ങി കേരള ബോക്‌സ് ഓഫീസ്. വിഷു റിലീസായെത്തുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മമ്മൂട്ടി, ബേസില്‍ ജോസഫ്, നസ്‌ലെന്‍, അജിത് കുമാര്‍ എന്നിവരാണ് വിഷു റിലീസില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്.
മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയാണ് വിഷു റിലീസില്‍ വമ്പന്‍. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ഭാമാ അരുണ്‍, ഹക്കിം ഷാ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് വലിയ ചര്‍ച്ചയാണ്. കേരളത്തില്‍ 200നടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് ബസൂക്ക ലക്ഷ്യമിടുന്നത്.
തല്ലുമാല എന്ന ട്രെന്‍ഡ്‌സെറ്ററിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയാണ് വിഷു റിലീസിലെ മറ്റൊരു ആകര്‍ഷണം. നസ്‌ലെന്‍ നായകനാകുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആലപ്പുഴ ജിംഖാനക്കായി നസ്‌ലെന്‍, ലുക്ക്മാന്‍ അവറാന്‍, ഗണപതി എന്നിവര്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു.
ബേസില്‍ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിര്‍മിക്കുന്ന മരണമാസാണ് വിഷു റിലീസിലെ മറ്റൊരു ആകര്‍ഷണം. ചിത്രത്തിലെ ബേസില്‍ ജോസഫിന്റെ വ്യത്യസ്ത ലുക്ക് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിനനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രൊമോഷനുകളും രസകരമായിരുന്നു. നവാഗതനായ ശിവപ്രസാദാണ് മരണമാസ് സംവിധാനം ചെയ്യുന്നത്.
തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയും ഇത്തവണ വിഷു സീസണില്‍ കേരള ബോക്‌സ് ഓഫീസില്‍ മത്സരിക്കുന്നുണ്ട്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിടാമുയര്‍ച്ചി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും അജിത്തിന്റെ ഗെറ്റപ്പുകളും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നവയായിരുന്നു.
നാല് ചിത്രങ്ങളും ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക. 2025ന്റെ തുടക്കത്തില്‍ ബോക്‌സ് ഓഫീസിലുണ്ടായ പ്രതിസന്ധി എമ്പുരാനിലൂടെ മാറിയിരുന്നു. എമ്പുരാനിലൂടെ കിട്ടിയ ഊര്‍ജം വിഷു റിലീസുകള്‍ മുന്നോട്ട് കൊണ്ടുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇവയില്‍ ഏത് ചിത്രം വിഷു വിന്നറാകുമെന്ന് അറിയാന്‍ കാത്തിരിക്കുന്നവരും കുറവല്ല.
Content Highlight: Discussion on Vishu release in Kerala Box Office