| Sunday, 13th November 2022, 6:34 pm

പഴയകാല ശ്രീനിവാസന്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ച് മുകുന്ദന്‍ ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമയാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ വന്ന ചിത്രം ഡെവിളിഷായി ചിന്തിക്കുന്ന മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

തന്റെ ലക്ഷ്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന നായകനാണ് ചിത്രത്തിന്റെ പ്രത്യേകത. അയാളുടെ കണ്ണില്‍ അതെല്ലാം തന്റെ പാത ക്ലിയറാക്കാനുള്ള നീക്കങ്ങള്‍ മാത്രമാണ്. അതിനപ്പുറം താന്‍ ചെയ്യുന്നതിലെ ശരിതെറ്റുകളെ പറ്റി ഒരു ചിന്ത മുകുന്ദന്‍ ഉണ്ണിക്കില്ല. ലക്ഷ്യമാണ് മുകുന്ദന്‍ ഉണ്ണിക്ക് പ്രധാനം, അതിന് വേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കും.

ചിത്രത്തിലെ മുകുന്ദന്‍ ഉണ്ണിയെ കാണുമ്പോള്‍ ചില പഴയ ശ്രീനിവാസന്‍ കഥാപാത്രങ്ങളെയാണ് ഓര്‍മ വരുന്നതെന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലെ ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ മുകുന്ദന്‍ ഉണ്ണിക്ക് സമാനമായിരുന്നു. തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ പല കളികളും ഇവര്‍ കളിക്കുന്നത് ഈ ചിത്രങ്ങളില്‍ കാണാം.

ഒരു ഘട്ടം കഴിയുമ്പോള്‍ ശ്രീനിവാസന്റെ കഥാപാത്രങ്ങളുടെ കള്ളി വെളിച്ചത്താവുകയോ അവര്‍ മാനസാന്തരപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. എന്നാല്‍ മുകുന്ദന്‍ ഉണ്ണിക്ക് എന്താണ് സംഭവിക്കുക എന്ന് കണ്ടുതന്നെ അറിയണം. തന്നെയുമല്ല ശ്രീനിവസന്റെ ഈ സിനിമകള്‍ ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലുമല്ല കടന്നുപോവുന്നത്.

തന്റെ മാനറിസങ്ങളിലൂടെയും അഭിനയത്തിലൂടെയും വിനീത് മുകുന്ദന്‍ ഉണ്ണിയെ മികച്ചതാക്കിയിട്ടുണ്ട്. കണ്ടുശീലിച്ച നന്മ നിറഞ്ഞ ഒരു കഥാപാത്രമല്ല ഇത്.

ചെയ്യുന്ന തട്ടിപ്പുകള്‍ മുഴുവനും വ്യക്തിപരമായ ഉയര്‍ച്ചക്ക് വേണ്ടിയാണ് അയാള്‍ ഉപയോഗിക്കുന്നത്. ടീമില്‍ ഒരുപാട് പേരുണ്ടെങ്കിലും അവരെയൊന്നും വളരാന്‍ അനുവദിക്കാതെ അവരുടെ ചുമലില്‍ ചവിട്ടി ഓരോ പടിയും കയറാനാണ് അയാള്‍ നോക്കുന്നത്. ഇങ്ങനെ പോകുന്ന വില്ലത്തരം നിറഞ്ഞ ഒരു നായകനാണ് കുകുന്ദന്‍ ഉണ്ണി.

Content Highlight: discussion on social media that Mukundan Unni, reminded of some old Srinivasan characters

Latest Stories

We use cookies to give you the best possible experience. Learn more