മാസ് മസാല സിനിമകള്‍ മാത്രമിറങ്ങുന്ന ഇന്‍ഡസ്ട്രി എന്ന ക്ലീഷേയെ പൊളിച്ച തെലുങ്ക് ചിത്രമായിരുന്നു ഹിറ്റ് പാര്‍ട്ട് 1. കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി രൂപീകരിച്ച ‘ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം’ (HIT)ന് ലഭിക്കുന്ന വിചിത്രമായ കേസായിരുന്നു ആദ്യഭാഗത്തിന്റെ കഥ. ആറ് ഭാഗങ്ങള്‍ പ്ലാന്‍ ചെയ്ത ഫ്രാഞ്ചൈസിയാണ് ഹിറ്റെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.
വിശ്വക് സെന്‍ നായകനായ ആദ്യഭാഗവും അദിവി ശേഷ് നായകനായ രണ്ടാം ഭാഗവും വന്‍ വിജയം സ്വന്തമാക്കിയിരുന്നു. മൂന്നാം ഭാഗത്തിന് ലീഡ് നല്‍കിക്കൊണ്ടാണ് ഹിറ്റ് 2 അവസാനിച്ചത്. തെലുങ്കിലെ മികച്ച നടന്മാരിലൊരാളായ നാനിയാണ് ഹിറ്റ് 3യിലെ നായകന്‍. ഈ ഫ്രാഞ്ചൈസിയിലെ അടുത്ത ഭാഗത്തില്‍ നായകനാകുന്നയാള്‍ മൂന്നാം ഭാഗത്തില്‍ അതിഥിവേഷത്തിലെത്തുമെന്ന് നാനി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘തെലുങ്ക് ഇന്‍ഡസ്ട്രിയുടെ ദത്തുപുത്രനായ നടന്‍ ഹിറ്റ് 3യില്‍ കാമിയോ റോള്‍ ചെയ്യും. നാലാം ഭാഗത്തില്‍ അയാളാകും ഹീറോ’ എന്നാണ് നാനി പറഞ്ഞത്. ഇതിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് നടന്‍ ആരാകുമെന്ന് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മൂന്ന് നടന്മാരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.
മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്റെ പേരാണ് ഇതില്‍ ആദ്യം. തെലുങ്കില്‍ മികച്ച ഫാന്‍ബേയ്‌സുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കിലെ പല സൂപ്പര്‍താരങ്ങള്‍ക്ക് പോലും ഇക്കാലയളിവില്‍ നേടാന്‍ സാധിക്കാത്ത 100 കോടി ക്ലബ്ബ് തന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. തെലുങ്കിന്റെ ദത്തുപുത്രനെന്ന് ദുല്‍ഖറിനെ കരുതിയാല്‍ തെറ്റുപറയാനാകില്ല.
രണ്ടാമത്തെയാള്‍ തമിഴ് നടന്‍ കാര്‍ത്തിയാണ്. പയ്യാ മുതല്‍ക്കിങ്ങോട്ട് കാര്‍ത്തിയുടെ പല തമിഴ് സിനിമകളും തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് റിലീസിനെത്തിയിരുന്നു. നാഗാര്‍ജുനയും കാര്‍ത്തിയുമൊന്നിച്ച ഊപ്പിരി (തമിഴില്‍ തോഴാ) വന്‍ വിജയമായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മെയ്യഴകനും മികച്ച പ്രതികരണമായിരുന്നു.
വിജയ് സേതുപതിയാണ് ലിസ്റ്റിലെ മൂന്നാമന്‍. തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങളാണ് വിജയ് സേതുപതിയെ തേടി വരുന്നത്. സുകുമാര്‍ നിര്‍മിച്ച ഉപ്പന്നാ എന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ വേഷം ചെയ്തിരുന്നു. ഈ മൂന്ന് നടന്മാരില്‍ ആരാകും ഹിറ്റ് 3യിലെ സര്‍പ്രൈസ് കാമിയോ എന്ന് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. മെയ് ഒന്നിനാണ് ഹിറ്റ് 3 തിയേറ്ററുകളിലെത്തുക.
Content Highlight: Discussion on social media about the cameo in Hit 3 movie