പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന നന്‍ പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് മറ്റൊരു കോമ്പോയാണ്. ചിത്രത്തിന്റൈ ഡി.ഒ.പിയായ തേനി ഈശ്വര്‍-മമ്മൂട്ടി കോമ്പോയാണ് അത്.
ഇരുവരും ഒന്നിച്ച മൂന്ന് ചിത്രങ്ങളാണ് ചര്‍ച്ചയാവുന്നത്. റാം സംവിധാനം ചെയ്ത പേരന്‍പ്, റത്തീനയുടെ പുഴു, എല്‍.ജെ.പിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഈ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ വിവിധ ഭാവങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘അനന്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ചാരുത ചോരാതെ ഉത്തരവാദിത്വത്തോടെ ക്യാമറയില്‍ ഒപ്പിയെടുത്തു കൊടുക്കുന്നു. ഞങ്ങള്‍ക്ക് മറ്റു ബ്രാഞ്ചുകള്‍ ഇല്ല,’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചെയ്യുന്ന സിനിമകളെ മനോഹരമായി ദൃശ്യാവിഷ്‌കാരം ചെയ്യുന്ന തേനി ഈശ്വറിന്റെ ഇതിന് മുമ്പുള്ള വര്‍ക്കുകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം മമ്മൂട്ടിയുടെ അഭിനയത്തിനും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്. ഇതിനോടകം തന്നെ അഭിനേതാവ് എന്ന നിലയിലും സ്റ്റാര്‍ എന്ന നിലയിലും ഈ വര്‍ഷം മികച്ച സിനിമകള്‍ ചെയ്ത മമ്മൂട്ടി ഓരോ സിനിമയിലൂടെയും തനിക്ക് ഇനിയും പുതിയ ഭാവങ്ങള്‍ അവതരിപ്പിക്കാനാവും എന്ന് തെളിയിക്കുകയാണ് ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. തങ്ങളുടെ കൂട്ടത്തില്‍ നിന്നും കാണാതായ ആളെ ഒരു മലയാളി സംഘം ഗ്രാമത്തില്‍ തിരയുന്നു. അതേസമയം തന്നെ ആ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു അപരിചിതന്‍ കടന്നുവരികയും വീട്ടിലിരിക്കുന്ന വണ്ടിയെടുത്തുകൊണ്ടുപോകുന്നതുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. മമ്മൂട്ടിയുടെ നിറഞ്ഞാട്ടം തന്നെയാണ് ട്രെയ്‌ലറില്‍ കാണുന്നത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണുന്നത്. കട്ട് ഇല്ലാതെ ഒറ്റ ഷോട്ടില്‍ എടുത്ത ഈ വീഡിയോയിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും കയ്യടി ഉയര്‍ന്നിരുന്നു.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: discussion about theni eswar-mammootty combo