| Saturday, 2nd April 2022, 4:24 pm

അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും തമ്മിള്‍ സാമ്യതകളേറെ; ചര്‍ച്ചയായി ഭീഷ്മ പര്‍വ്വത്തിന്റെ ഗോഡ് ഫാദര്‍ റഫറന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെ ഇഴകീറി പരിശോധിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് മലയാളത്തിലെ എക്കാലത്തേയും ബ്ലോക്ക് ബ്ലസ്റ്ററായ ഗോഡ് ഫാദറിലെ എന്‍.എന്‍. പിള്ള അവതരിപ്പിച്ച അഞ്ഞൂറാന്റെ കഥാപാത്രവുമായി താരതമ്യമുണ്ടെന്നാണ് ഇതുസംബന്ധിച്ച് നടക്കുന്ന രസകരമായ ചര്‍ച്ച.

അഞ്ഞൂറാന്റെയും മൈക്കിളിന്റെയും കസേരയിലുള്ള ഇരിപ്പ്, രണ്ടാളും പരാതി പറയാന്‍ വരുന്ന നാട്ടുകാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നു തുടങ്ങി നിരവധി സാമ്യതകളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും, ഒരാള്‍ ഭാര്യയെ കൊന്നതിനാണെങ്കില്‍ മറ്റൊരാളുടെ ചേട്ടനെ കൊന്നതിനു പ്രതികാരമായി രണ്ടുപേരെ കൊന്ന് ജയിലില്‍ പോയവരാണെന്നും ചര്‍ച്ചയില്‍ വരുന്നുണ്ട്. ഇതുസംബന്ധിച്ച് അനൂപ് പരായില്‍ എന്ന പ്രോഫൈല്‍ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ.

‘ഭീഷ്മ പര്‍വ്വം ഗോഡ്ഫാദര്‍ റഫറന്‍സ്. സ്‌പോയിലര്‍ ഉണ്ട്. ഭീഷ്മ പര്‍വ്വത്തില്‍ ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ടെന്ന് ഫേസ്ബുക്കില്‍ പലയിടത്തും കണ്ടിരുന്നു. ശരിയാണ് ഭീഷ്മ പര്‍വ്വത്തില്‍ പലയിടത്തും ഗോഡ്ഫാദര്‍ റഫറന്‍സ് ഉണ്ട്.

ആദ്യത്തേത് കസേരയിലുള്ള ഇരിപ്പ് തന്നെ. അവിടെ അഞ്ഞൂറാന്‍ ആണെങ്കില്‍ ഇവിടെ അഞ്ഞൂറ്റിയിലെ മൈക്കിളാണ്(500/500).

രണ്ടാളും പരാതി പറയാന്‍വരുന്ന നാട്ടുകാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നു.

ഗോഡ് ഫാദറില്‍ അഞ്ഞൂറാന്റെ കുടുംബം കടപ്പുറം ദക്ഷായണി പിടിച്ചുവെച്ച ചെറുക്കന്റെ കേസിലും, ഇതുമായി സാമ്യതയുള്ള മറ്റൊരു സംഭവത്തില്‍ നേവിക്കാര്‍ പിടിച്ചുവെച്ച അളിയന്റെ കേസില്‍ മക്കളെയും

അനിയന്റെ മക്കളെയും കൊണ്ടുപോയി മൈക്കിളും തല്ലുണ്ടാക്കുന്നു. അഞ്ഞൂറാനും അഞ്ഞൂറ്റി മൈക്കിളും, ഒരാള്‍ ഭാര്യയെ കൊന്നതിനാണെങ്കില്‍, മറ്റൊരാളുടെ ചേട്ടനെ കൊന്നതിന് പ്രതികാരമായി രണ്ടുപേരെ കൊന്ന് ജയിലില്‍ പോയവരാണ്.

ജയിലില്‍ പോയി തിരിച്ചുവന്ന അഞ്ഞൂറാന്‍ മക്കളെ കല്യാണം കഴിക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ മൈക്കില്‍ സ്വയം കല്യാണം വേണ്ടെന്നുവെച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷവും അഞ്ഞൂറുകളോട് പ്രതികാരം ചെയ്യാന്‍ മറ്റൊരു കുടുംബമുണ്ട്, അവിടെ ആനപ്പാറ അച്ഛമ്മ ആണെങ്കില്‍, ഇവിടെ നെടുമുടി/കെ.പി.എ.സി ലളിത ടീം. രണ്ട് ടീംസും പേരക്കുട്ടികളെ വിട്ട് അഞ്ഞൂറുകളോട് പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്നു,’

കൊവിഡ് മഹാമാരിക്ക് ശേഷം മലയാളത്തില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയായിരിക്കുകയാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പര്‍വ്വം. തിയേറ്ററില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് ശേഷം ആദ്യമായി റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടംപിടിച്ചു.

മമ്മൂട്ടിയുടെ മാസ് പെര്‍ഫോമന്‍സും കൊണ്ടും അമലിന്റെ മേക്കിംഗും കൊണ്ടും പ്രശംസ നേടിയ ചിത്രം കേരളത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളുടെ റഫറന്‍സ് കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

CONTENT HIGHLIGHTS: discussed there are many similarities Godfather reference to Bhishma Parvam

We use cookies to give you the best possible experience. Learn more