കാസര്‍ഗോഡ് ചായോത്ത് നടക്കുന്ന കാസര്‍ഗോഡ് ജില്ല കലോത്സവത്തില്‍ അറബിക് ചിത്രീകരണത്തിന് പത്ത് കുട്ടികളുമായി എസ്‌കോര്‍ട്ട് പോയ മൂന്ന് അധ്യാപകര്‍ക്കാണ് വസ്ത്രധാരണത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടിവന്നതൈന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലുള്ളത്.
‘മത്സരത്തിന് നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മാത്രമാണ് ബാക്കി. നീണ്ട ക്യൂവില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് കരുതി കുട്ടികളെയും കൊണ്ട് ഭക്ഷണശാലയുടെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ പങ്കെടുക്കുന്ന കുട്ടികള്‍ മാത്രം ഭക്ഷണം കഴിക്കട്ടെ നിങ്ങള്‍ ക്യൂവില്‍ നില്‍ക്കുക എന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചു.
ഞങ്ങള്‍ എസ്‌കോര്‍ട്ടിങ് ടീച്ചേഴ്‌സ് ആണ് മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളെ സ്റ്റേജില്‍ കയറ്റേണ്ടത് ഞങ്ങളാണ്. ഒരു ടീച്ചറിന്റെ കയ്യില്‍ ഒരു കൈക്കുഞ്ഞുമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാനുള്ള സന്മനസ് പോലും പ്രവേശന കവാടത്തില്‍ നില്‍ക്കുന്ന സംഘാടകസമിതിയില്‍പ്പെട്ട അധ്യാപകന്‍ കാണിച്ചില്ല,’ എന്നാണ് അധ്യാപികയുടെ ആരോപണം.
എന്നാല്‍, തങ്ങളുടെ മുന്നില്‍ കൂടി സാരി ധരിച്ച മുസ്‌ലിം അല്ലാത്ത ടീച്ചേഴ്‌സ് യഥേഷ്ടം കയറിപ്പോകുന്നത് വേദനയോടും ഏറെ അപമാന ഭാരത്തോടുകൂടിയും നോക്കി നില്‍ക്കേണ്ടിവന്നുവെന്നും അധ്യാപിക ആരോപിക്കുന്നു.
കുറേ സമയത്തിന് ശേഷം ഒരു സംഘാടകന്‍ അധ്യാപകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും മാത്രമേ ക്യൂവില്‍ നില്‍ക്കാതെ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ എന്ന് ഉച്ചത്തില്‍ പറയുന്നത് കേട്ടെന്നും, അങ്ങനെ കേട്ടപ്പോള്‍ ‘ആ പറഞ്ഞത് തിരുത്തണം പര്‍ദ്ദ ധരിക്കാത്ത ടീച്ചേഴ്‌സ് മാത്രമേ എന്ന് പ്രത്യേകം പറയണം കാരണം എസ്‌കോര്‍ട്ടിങ് ടീച്ചേഴ്‌സ് എന്ന ബാഡ്ജ് കുത്തിയിട്ടും ഞങ്ങളെ അകത്ത് പ്രവേശിപ്പിക്കാതെ ഇവിടെ നിര്‍ത്തിയിരിക്കുകയാണ്,’എന്ന് ഉച്ചത്തില്‍ പറഞ്ഞുവെന്നും അധ്യാപിക പറഞ്ഞു.
ഇത്തരത്തില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ബഹളം വെച്ച് ഇവിടെ ഒരു സീന്‍ ഉണ്ടാക്കരുത് എന്ന് പറഞ്ഞ് കുറേ നേരത്തിന് ശേഷമാണ് തങ്ങളെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതെന്നും അധ്യാപിക ആരോപിച്ചു.
‘വസ്ത്രധാരണത്തിന്റെ പേരില്‍ പ്രത്യേകിച്ചും പര്‍ദ്ദ ധരിക്കുന്നത് കാരണം പലപ്പോഴും അക്ഷരജ്ഞാനം ഇല്ലാത്തവരോട് പെരുമാറുന്നതുപോലെ ഏറെ പുച്ഛത്തോടെ കൂടിയിട്ടുള്ള പെരുമാറ്റം പലപ്പോഴും സമൂഹത്തില്‍ നിന്നും പലയാളുകളുടെ ഇടയില്‍ നിന്നും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
സെക്കുലറിസവും സോഷ്യലിസവും പ്രസംഗിക്കുന്ന സംഘാടക സമിതിയിലെ അധ്യാപകര്‍ തന്നെ ഈ വിധത്തില്‍ അവഹേളിച്ചപ്പോള്‍ കപടമായ സെക്യുലറിസം പ്രസംഗിക്കുകയും ഉള്ളിനുള്ളില്‍ പര്‍ദ്ദയോടുള്ള അസഹിഷ്ണുതയും വര്‍ഗീയതയും കൊണ്ടുനടക്കുകയും ചെയ്യുന്ന ബുദ്ധിജീവികളോട് ലോഡ് പുച്ഛം തോന്നി,’ എന്നും ആരിഫ ഫത്തഹ് കൂട്ടിച്ചേര്‍ത്തു.