അലഹാബാദ്: മുസ്‌ലിം വിഭാഗത്തിൽപ്പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിച്ചെന്നാരോപിച്ച് ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി. ഒരു പ്രത്യേക സമുദായത്തിനെതിരെയുള്ള ജഡ്ജിയുടെ നിരീക്ഷണങ്ങൾ അപമര്യാദയോടെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നൽകിയ കേസിന്റെ വിചാരണയ്ക്കിടയിലാണ് സംഭവം. മുസ്‌ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസ്മി എന്നിവർക്കെതിരെ നിർബന്ധിത മത പരിവർത്തനം ആരോപിച്ച് കേസെടുത്തതിനെതിരെയാണ് സ്ക്വാഡിന്റെ ഹരജി.
ഈ കേസിൽ മുസ്‌ലിം അഭിഭാഷകർ, വെള്ളിയാഴ്ച പ്രാർത്ഥനക്കായി കോടതി ഇടവേള അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ അഭിഭാഷകരുടെ അപേക്ഷ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വിവേകാനന്ദ് ശരൺ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. അഭിഭാഷകർ പ്രാർത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികൾക്ക് വേണ്ടി ആമിക്കസ് ക്യൂരി ഹാജരാകണമെന്നും ഉത്തരവിട്ടു.
പ്രതികളിൽ ഒരാൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച ഉത്തരവുകൾ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞമാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രതികൾക്ക് വേണ്ടി ഹാജരാക്കാൻ മുസ്‌ലിം അഭിഭാക്ഷകർ അനുമതി നൽകി.
വിചാരണകോടതിയുടെ ഈ നടപടിയിൽ ഹൈക്കോടതി ശക്തമായ എതിർത്ത് രേഖപ്പെടുത്തിയിരുന്നു. സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.
ഒരു പ്രത്യേക മതത്തിൽ പെട്ടവരായതിനാൽ വിചാരണ വേളയിൽ അപേക്ഷകന്റെ അഭിഭാഷകൻ ഹാജരായില്ലെന്ന ജഡ്ജിയുടെ നിരീക്ഷണത്തെയും കോടതി വിമർശിച്ചു.
ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ജുഡീഷ്യൽ ദുരാചാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസമില്ലാതെ ജുഡീഷ്യറിക്ക് നിലനിൽപ്പില്ല അതുകൊണ്ട് നിയമപരമായും ധാർമികവുമായുള്ള മാനദണ്ഡങ്ങളോടും ഉത്തരവാദിത്തമുള്ളവരായിരിക്കണം ജഡ്ജിമാരെന്നും കോടതി പറഞ്ഞു.
അതേസമയം തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിൾ ജഡ്ജിക്ക് മുന്നിൽ ഹാജരായി മാപ്പ് പറഞ്ഞു.
Content Highlight: Discrimination against Muslim lawyers; Allahabad High Court summoned the judge