തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട്(വി.ജി.എഫ്) ലാഭ വിഹിതമായി തിരിച്ചുനല്‍കണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ കത്തിന് ലഭിച്ച മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തൂത്തുകുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്ക് നല്‍കുന്ന 1411 കോടി രൂപ തിരികെ നല്‍കേണ്ടതില്ല എന്നുള്ളപ്പോഴാണ് കേരളത്തോടുള്ള ഈ വിവേചനം കേന്ദ്രം ആവര്‍ത്തിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
817.80 കോടി രൂപയാണ് കേന്ദ്രം വി.ജി.എഫ് ആയി നല്‍കുന്നത്. ഇതാണ് ലാഭവിഹിതമായി തിരികെ നല്‍കേണ്ടത്. തൂത്തുകുടിയിലെ മാതൃക വിഴിഞ്ഞത്തും കൈക്കൊള്ളണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ രണ്ട് പദ്ധതികളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കേന്ദ്രനിലപാട് അനുസരിച്ച് 817.80 കോടി രൂപ കേന്ദ്രം മുടക്കുമ്പോള്‍ ലാഭിവിഹിതമായി കേരളം നല്‍കേണ്ടി വരിക 10000 കോടി മുതല്‍ 12000 കോടി രൂപ വരെയാണ്. ചെറിയ മുതല്‍മുടക്കില്‍ വലിയ ലാഭം കൊയ്യുന്നതിന് സമാനമാണ് കേന്ദ്രത്തിന്റെ നിലപാടെന്നും കേരളം കുറ്റപ്പെടുത്തുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള വി.ജി.എഫ് തിരികെ ചോദിച്ചിട്ടില്ലെന്നും കേരളം പറയുന്നു.
പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ 70 കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്ന് ഇതിനോടകം തന്നെ ജി.എസ്.ടിയായി കേന്ദ്രത്തിന് 50 കോടി രൂപ ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേന്ദ്രം മുടക്കിയ പണം ജി.എസ്.ടിയായി കേന്ദ്രത്തിന് ലഭിക്കും. എന്നിട്ടും കേന്ദ്രം വി.ജി.എഫ് തിരികെ ചോദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്.
വി.ജി.എഫായി കേന്ദ്രം ചെലവഴിക്കുന്നതിന് സമാനമായി തുക പദ്ധതിക്ക് വേണ്ടി കേരളവും ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമെ തുറമുഖ നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 4777.14കോടി രൂപയും സംസ്ഥാന സര്‍ക്കാറാണ് മുടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റൊരു സംസ്ഥാനത്തോടും കാണിക്കാത്ത രീതിയില്‍ കേരളത്തോട് വിവേചനം കാണിക്കുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍.
content highlights: Discrimination against Kerala; Nirmala Sitharaman reiterated that the funds spent by the Center for the Vizhinjam project should be returned