കാല്‍ തൊട്ടുവഴങ്ങലിനെ നിരുത്സാഹപ്പെടുത്തുന്ന കാലാ; രജിനിയുടെ റീല്‍ ആന്‍ഡ് റിയല്‍ രാഷ്ട്രീയം
Movie Day
കാല്‍ തൊട്ടുവഴങ്ങലിനെ നിരുത്സാഹപ്പെടുത്തുന്ന കാലാ; രജിനിയുടെ റീല്‍ ആന്‍ഡ് റിയല്‍ രാഷ്ട്രീയം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th August 2023, 11:41 pm

രജിനിയെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ തമിഴ് ഗ്യാങ്സ്റ്റര്‍ ചലച്ചിത്രമാണ് കാലാ. സിനിമ പറയുന്ന രാഷ്ട്രീയം വലിയ ശ്രദ്ധനേടിയിരുന്നു. ഒരു ജനതയെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ അധികാരി വര്‍ഗത്തിനെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തുന്ന നായകനെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്.


 

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന രജിനികാന്തിന്റെ നടപടിക്കിടയില്‍ കാലാ എന്ന സിനിമയും സിനിമയിലെ ഒരു രംഗവുമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ചിത്രത്തില്‍ ഒരു പെണ്‍കുട്ടി രജനിയുടെ നായക കഥാപാത്രത്തിന്റെ കാല് പിടിക്കാന്‍ ശ്രമിക്കുന്ന ഒരു സീനുണ്ട്. ഇത് വിലക്കിയ നായകന്‍ കാല് പിടിക്കേണ്ട, നമസ്‌തേ പറഞ്ഞാല്‍ മതി എന്നാണ് പറയുന്നത്. റീലില്‍ നിന്ന് റിയലിലേക്ക് വരുമ്പോള്‍ ഈ സീനിലെ രാഷ്ട്രീയം രജിനി മറന്നുപോയെന്നാണ് വിമര്‍ശനമുയരുന്നത്.


’51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊടുന്ന 72 കാരനായ രജിനികാന്ത് കാലില്‍ വീഴുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പോലും ന്യായീകരണമില്ല. യോഗി എട്ട് വയസുള്ളപ്പോഴും രജിനികാന്ത് തമിഴ്നാട്ടില്‍ സൂപ്പര്‍ സ്റ്റാറായിരുന്നു,’ എന്നാണ് ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു കമന്റ്.

ലക്‌നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നടന്‍ യോഗിയുടെ കാലില്‍ വീണത്. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജിനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

യോഗി ആദിത്യനാഥും രജിനികാന്തും ഒരുമിച്ച് പുതിയ ചിത്രം ജയിലര്‍ കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Content Highlight: discourages foot contact; Rajini’s reel and real politics