| Friday, 22nd September 2023, 11:02 am

ഹോട്ടലിലെ ഭക്ഷണ പാഴ്‌സൽ; പാത്രം കൊണ്ടുവരുന്നവർക്ക് വിലയിളവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ വാങ്ങാൻ പാത്രം കൊണ്ടുവരുന്നവർക്ക് വിലയിൽ ഇളവ് നൽകാൻ നീക്കം. പാത്രം കൊണ്ടുവരുന്നവർക്ക് അഞ്ച് മുതൽ പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്ന കാര്യമാണ് പരിഗണിക്കുന്നത്.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷനാണ് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ ശ്രമങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നത്. പാഴ്സലുകൾ നൽകുന്നതിന് പ്ലാസ്റ്റിക്കിന് പകരം ഒരേതരം പാത്രങ്ങൾ ഉപയോഗിക്കുന്ന കാര്യവും അസോസിയേഷന്റെ പരിഗണനയിലുണ്ട്. ഇതിനായി പാത്ര നിർമാതാക്കളുമായി സഹകരിക്കും. ഈ പാത്രം ഒരു ഹോട്ടലിൽ നിന്ന് വാങ്ങി കേരളത്തിലെ ഏത് ഹോട്ടലിൽ തിരികെ നൽകിയാലും ആ പാത്രത്തിന്റെ വില മടക്കി നൽകുന്ന പദ്ധതി നടപ്പാക്കും.

പദ്ധതിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജേക്കബ് തോമസ് ഉറപ്പ് നൽകി. എറണാകുളം കെ.എച്ച്.ആർ.എ ഭവനിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ സെമിനാറിലാണ് പ്രഖ്യാപനം ഉണ്ടായത്.

പാക്കിങ്ങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അസോസിയേഷൻ അറിയിച്ചു.

2022ൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ മലപ്പുറം തിരൂരിലെ ഹോട്ടലുടമകളും സമാനമായ രീതി നടപ്പാക്കിയിരുന്നു. ഹോട്ടലുകളിൽ പാത്രവുമായി എത്തുന്നവർക്ക് ആകർഷകമായ ഓഫറുകൾ നൽകിയിരുന്നു.

Content Highlight: Discount to those who bring vessels for parcel food in hotels

We use cookies to give you the best possible experience. Learn more