മുംബൈ: മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഷിന്‍ഡെ ക്യാമ്പിലും ബി.ജെ.പിയിലും അതൃപ്തി. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിമത നീക്കം നടത്തിയപ്പോള്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബച്ചു കദു വിമര്‍ശനമുയര്‍ത്തിയത്.
മന്ത്രിസ്ഥാനം തന്റെ അവകാശമാണെന്നും കദു പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ബി.ജെ.പിയിലും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഷിന്‍ഡെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് റാത്തോറിനെതിരെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.
ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റാവത്ത്. എന്നാല്‍ പിന്നീട് ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റാത്തോര്‍ വിവാദത്തില്‍ പെട്ടിരുന്നു. തന്റെ മരണത്തിന് കാരണക്കാരന്‍ റാത്തോര്‍ ആണെന്ന് യുവതി പറയുന്ന ഓഡിയോ സന്ദേശങ്ങളടക്കം അന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ റാത്തോര്‍ താക്കറെ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുകയായിരുന്നു. അന്ന് ബി.ജെ.പിയും റാത്തോറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അത്തരത്തില്‍ വിവാദത്തില്‍ പെട്ട് രാജിവെച്ച മന്ത്രി വീണ്ടും ബി.ജെ.പി തന്നെ ഭരിക്കുന്ന മന്ത്രിസഭയിലെത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
അതേസമയം നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്രയില്‍ ഷിന്‍ഡെയുടെ മന്ത്രിസഭാ വികസനം നടന്നത്.
രാജ്ഭവനില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്.
ബി.ജെ.പിയില്‍ നിന്നുള്ള ഒമ്പത് എം.എല്‍.എമാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ 30നായിരുന്നു ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഷിന്‍ഡെ മുഖ്യമന്ത്രിയായത്. ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉപമുഖ്യമന്ത്രി. ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക.
ബി.ജെ.പിയില്‍ നിന്നുള്ള മന്ത്രിമാര്‍:
1) ചന്ദ്രകാന്ത് പാട്ടീല്‍
2)സുധീര്‍ മുങ്കന്തിവാര്‍
3)ഗിരീഷ് മഹാജന്‍
4) സുരേഷ് ഖാഡെ
5) രാധാകൃഷ്ണ വിഖേ പാട്ടീല്‍
6) വരീന്ദ്ര ചവാന്‍
7)മംഗള്‍ പ്രബാത് ലോധ
8) വിജയകുമാര്‍ ഗാവിറ്റ്
9)അതുല്‍ സേവ്
ഏക് നാഥ് ഷിന്‍ഡെ ക്യാമ്പ് മന്ത്രിമാര്‍:
1) ദാദാ ഭൂസേ
2)സന്ദീപന്‍ ഭുംറെ
3)ഉദയ് സാമന്ത്
4)താനാജി സാവന്ത്
5)അബ്ദുള്‍ സത്താര്‍
6)ദീപക് കേസര്‍കര്‍
7)ഗുലാബ്രാവു പാട്ടീല്‍
8)സഞ്ജയ് റാത്തോഡ്
9)ശംഭുരാജെ ദേശായി
Content Highlight: Discontent in BJP and Shinde camp amid cabinet expansion