ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമായ എച്ച്. നജീം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നുവെന്ന് അറിയിച്ചു.
കേരളത്തില്‍ കെ. സുധാകരന്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നജീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.
‘ഞാന്‍ 20 വര്‍ഷമായിട്ട് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്.
ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നു. കെ.സുധാകരനെപ്പോലെ ഒരാള്‍ നയിക്കുന്ന കേരളത്തിലെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അനല്‍പമായ ബുദ്ധിമുട്ടുകളുണ്ട്.
ഇതെന്താ, എഫ്.ബിയില്‍ പറയുന്നത്? നേരിട്ട് ഡി.സി.സിക്ക് അല്ലേ രാജി സമര്‍പ്പിക്കേണ്ടത്? എന്നൊന്നും ചോദിക്കരുത്. ആലപ്പുഴ ജില്ലയില്‍ ഡി.സി.സിയുമില്ല മറ്റ് പ്രാദേശിക കമ്മിറ്റികളുമില്ല.
മുമ്പ് അഡ്വ. പി.എസ്. ബാബുരാജ് ബ്ലോക്ക് പ്രസിഡന്റായിരുന്നപ്പോള്‍ എല്ലാ മീറ്റിങ്ങുകളില്‍ എന്നെ വിളിക്കുമായിരുന്നു. ടോ, ഞാന്‍ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും ഒരുത്തനും വിളിച്ചിട്ടില്ല,’ എന്നാണ് എച്ച്. നജീം ഫേസ്ബുക്കില്‍ എഴുതിയത്.
ഇതിന് താഴെ കോണ്‍ഗ്രസ് നേതാവായി ബി.ആര്‍.എം ഷഫീര്‍ എഴുതിയ കമന്റാണ് ഇതോടൊപ്പം ശ്രദ്ധനേടുന്നത്. ‘പരസ്യമായ പോസ്‌ററുകള്‍ ഒഴിവാക്കൂ. എല്ലാം ശരിയാവും’ എന്നാണ് ഷഫീര്‍ കമന്റ് ചെയ്തത്.
അതേസമയം, ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യ വാദിയാണ് നെഹ്‌റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു.
വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്‌റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
CONTENT HIGHLIGHT: Discomfort within Congress following KPCC President K.Sudhakaran’s pro-RSS statements