| Friday, 1st September 2023, 8:01 pm

അദാനിയുടെ ഓഹരിക്രമക്കേടിനെക്കുറിച്ച് അറിഞ്ഞിട്ടും ക്ലീന്‍ചീറ്റ്; സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുമായി ഫൈനാന്‍ഷ്യല്‍ ടൈംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ടുള്ള റെഗുലേറ്റിങ്ങ് അതോറിറ്റിയായ സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തല്‍. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരിക്രമക്കേടിനെക്കുറിച്ച് ഒമ്പത് വര്‍ഷം മുന്‍പ് സെബി(Securities and Exchange Board of India)യെ ഡി.ആര്‍.ഐ (Directorate of Revenue Intelligence) അറിയിച്ചിരുന്നുവെന്നന്നാണ് തെളിവുകള്‍ സഹിതം അന്താരാഷ്ട്ര മാധ്യമമായ ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2013നും 2017നും ഇടയില്‍ അദാനി ഗ്രൂപ്പ് നടത്തിയ ഇടപാടുകളാണ് പുതിയ വെളിപ്പെടുത്തലുകളുടെ ആധാരം. 2016ല്‍ ഡി.ആര്‍.ഐ ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഡി.ആര്‍.ഐ മേധാവി തന്നെ സെബി മേധാവിക്ക് കൈമാറുകയും ചെയ്തിരുന്നു. യു.കെ. സിന്‍ഹയായിരുന്നു ആ സമയത്ത് സെബിയുടെ മേദാവി. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിന് പിന്നാലെ അദാനിക്ക് സെബി ക്ലീന്‍ചീറ്റ് നല്‍കുകയാണ് ചെയ്തിരുന്നത്. ഈ തീര്‍പ്പില്‍ സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെബി ചെയര്‍മാന്‍ ആയിരുന്ന യു.കെ. സിന്‍ഹക്ക് പിന്നീട് അദാനിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തില്‍ ഉന്നത പദവി ലഭിച്ചത് ഇതില്‍ ഒത്തുതീര്‍പ്പ് സംബന്ധിച്ച സംശയം ജനിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനി കമ്പനികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വിയില്‍ ഡയറക്ടറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

‘അദാനികള്‍ക്കെതിരെ അന്വേഷണം നടത്തിയ ആള്‍ ഇപ്പോള്‍ അദാനിമാരുടെ ജോലിക്കാരനാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അപ്പോള്‍ അന്വേഷണത്തിന്റെ സ്വഭാവം നിങ്ങള്‍ക്ക് ഊഹിക്കാം. പ്രധാനമന്ത്രിക്ക് അന്വേഷണം ആവശ്യമില്ലാത്തതിനാല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് വ്യക്തമാണ്,’ എന്നായിരുന്നു രാഹുലിന്റെ ആരോപണം.

Content Highlight: Disclosure questioning the credibility of SEBI, the regulatory authority related to the stock market

We use cookies to give you the best possible experience. Learn more