| Tuesday, 25th June 2019, 12:01 am

'ജീവന് ഭീഷണിയുണ്ടാകുന്ന വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ല'; മോദിയുടെ ക്ലീന്‍ചിറ്റില്‍ വിയോജിച്ച അശോക് ലവാസയുടെ വിയോജനക്കുറിപ്പ് വെളിപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമാറ്റച്ചട്ട ലംഘനത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തീരുമാനത്തോട് വിയോജിച്ച അശോക് ലവാസയുടെ കുറിപ്പുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വിയോജനക്കുറിപ്പ് വെളിപ്പെടുത്തുന്നത് ആ വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഏപ്രില്‍ ഒന്ന്, ഒമ്പത്, 21, 25 ദിവസങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നായിരുന്നു പരാതി.

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ എട്ട്(1)(ജി)യില്‍ വ്യക്തിയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതോ സുരക്ഷാകാരണങ്ങളുള്ളതോ ആയ വിവരങ്ങള്‍ കൈമാറരുതെന്ന നിര്‍ദ്ദേശമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ നിലപാട്.

തുടര്‍ന്ന് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. ഈ തീരുമാനത്തോട് വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസതന്നെ വിട്ടുനില്‍ക്കുകയും തന്റെ വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആവശ്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നും അശോക് ലവാസ വ്യക്തമാക്കിയിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ പറഞ്ഞിരുന്നു.

മൂന്നംഗങ്ങളുള്ള കമ്മീഷനില്‍ രണ്ട് പേര്‍ അനുകൂലിച്ചതോടെയായിരുന്നു മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ച് അശോക് ലവാസ് യോഗങ്ങളില്‍ നിന്നും വിട്ടുനിന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more