തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാന്‍, കോണ്‍ഗ്രസ് എം.പി റിപുന്‍ ബോറ, എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതകളുണ്ടെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ഡെപ്യൂട്ടി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സഭയില്‍ വെച്ച് കീറിയെറിയുകയും ചെയ്തു.
എം.പിമാരുടെ പ്രതിഷേധങ്ങള്‍ കാരണം സഭ പത്ത് മിനിറ്റ് സമയത്തേക്ക് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. അതിന് ശേഷമാണ് ശബ്ദവോട്ടോടെ കര്‍ഷക ബില്‍ പാസാക്കിയത്.
സഭയ്ക്കുള്ളില്‍ നടന്ന പ്രതിഷേധങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് എം.പിമാര്‍ക്കെതിരെ അച്ചടക്ക നടപടി ഉടന്‍ സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍, ദി ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസ് ബില്‍ എന്നിവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
കേന്ദ്ര കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത് വാര്‍ത്തയായിരുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായി ശിരോമണി അകാലിദള്‍ അംഗമായ ഹര്‍സിമ്രത് കൗര്‍ 2014 മുതല്‍ മോദി സര്‍ക്കാരിന്റെ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കര്‍ഷക ബില്ലിന്റെ വോട്ടിംഗ് ലോക്‌സഭയില്‍ നടക്കാനിരിക്കെ മന്ത്രി രാജിവെച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlights: disciplinary actions againt mps who create ruckus in rajyasabha