സ്പീക്കര്‍ എ.എന്‍. ഷംസീറിനോട് മോശമായി പെരുമാറി; വന്ദേഭാരത് ടി.ടി.ഇയ്‌ക്കെതിരെ അച്ചടക്ക നടപടി
Kerala News
സ്പീക്കര്‍ എ.എന്‍. ഷംസീറിനോട് മോശമായി പെരുമാറി; വന്ദേഭാരത് ടി.ടി.ഇയ്‌ക്കെതിരെ അച്ചടക്ക നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2024, 2:48 pm

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇയ്‌ക്കെതിരെ അച്ചടക്ക നടപടി. പരാതിക്ക് പിന്നാലെ വന്ദേഭാരത്തിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുകയായിരുന്നു. സ്പീക്കര്‍ ആണെന്ന് അറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് പരാതി. ജി. എസ്. പത്മകുമാറിനെതിരെയാണ് നടപടി എടുത്തത്.

എന്നാല്‍ ആരോപണം തെറ്റാണെന്ന് ടി.ടിയൂണിയന്‍ പറഞ്ഞു. എ.എന്‍. ഷംസീറിന്റെ സുഹൃത്തിന്റെ ഉയര്‍ന്ന ക്ലാസ് യാത്രയെ ചോദ്യം ചെയ്തതാണ് പരാതി കാരണമായതെന്നാണ് യൂണിയന്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ടിക്കറ്റ് എക്സാമിനര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

സാധാരണ ക്ലാസില്‍ ടിക്കറ്റ് എടുത്ത ഷംസീറിന്റെ സുഹൃത്ത് സ്പീക്കറോടൊപ്പം ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് പത്മകുമാറിനെതിരെ നടപടിയെടുത്തതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

സുഹൃത്തിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നെന്നും യൂണിയന്‍ പറഞ്ഞു. സംഭവത്തെ എ.എന്‍. ഷംസീര്‍ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ഇതുവരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഷംസീറിനോട് സംസാരിക്കാന്‍ എത്തിയതായിരുന്നു സുഹൃത്തെന്നും സംസാരിച്ചുകൊണ്ടിരിക്കെ ടി.ടി മോശമായി പെരുമാറുകയായിരുന്നെന്നും സ്പീക്കറുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Disciplinary action against Vandebharat TTE for misbehaving with Speaker A.N.Shamsir