| Wednesday, 21st April 2021, 3:44 pm

രാജ്യത്തിന്റെ ദുരന്തം മോദിയുടെ സുഹൃത്തുക്കള്‍ക്ക് അവസരം; സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാക്‌സിന്‍ വില വര്‍ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ദുരന്തം മോദിയുടെ സുഹൃത്തുക്കള്‍ക്ക് അവസരമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ എഴുതി.

നോട്ട് നിരോധനത്തിന് സമാനമാണ് കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സാധാരണക്കാരുടെ പുതിയ നീണ്ട വരികള്‍ ഇനി കാണാന്‍ കഴിയുമെന്നും പണം, ആരോഗ്യം, ജീവിതം എന്നിവ നഷ്ടപ്പെടുമെന്നും അവസാനം കുറച്ച് മുതലാളിമാര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂകയുള്ളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

നേരത്തെയും സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വാക്സിന്‍ വിതരണമല്ല വാക്സിന്‍ തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ഉണ്ടാവുകയില്ലെന്നും വില നിയന്ത്രണങ്ങളില്ലാതെ ഇടനിലക്കാരെ കൊണ്ടുവന്നിരിക്കുകയാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്സിന്‍ ഉറപ്പുവരുത്തുന്നില്ല എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം പുറത്തുവന്നത്. മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം.

കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ഡോസിന് 600 രൂപയും നല്‍കണം. നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കിയ വാക്‌സിനാണ് കോവിഷീല്‍ഡ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Disaster of the country is an Opportunity to Modis  friends says Rahul Gandhi

We use cookies to give you the best possible experience. Learn more