കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായ തുടരുന്നതിനിടയില്‍ ദുരിതബാധിതരായ ജനങ്ങള്‍ക്ക് ആശ്വാസമായി ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍. വിവിധയിടങ്ങളിലായി നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ പലപ്പോഴും ജനങ്ങള്‍ക്ക് അനുഗ്രഹമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ പൂര്‍ണ്ണഗര്‍ഭിണിയായി വീടിനുള്ളില്‍ കുടുങ്ങിപ്പോയ വൈത്തിരി സ്വദേശിയായ യുവതിയെ രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാര്‍ മാതൃകയായി. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം നിലയില്‍ പ്രസവവേദന അനുഭവിച്ച് കിടന്ന സജ്‌നയെയാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്.
ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ സജ്‌ന പ്രസവിക്കുകയും ചെയ്തു.
പ്രസവാവശ്യത്തിനായി വൈത്തിരിയിലെ അമ്മാറയിലുള്ള വീട്ടിലെത്തിയതായിരുന്നു സജ്‌ന. വ്യാഴാഴ്ചയോടെ ഈ പ്രദേശത്ത് ഉരുള്‍പ്പൊട്ടിയിരുന്നു.
ALSO READ: ഉദയകുമാര്‍ ഉരുട്ടിക്കൊല; പ്രതികള്‍ക്കായി പൊലീസ് സേനയില്‍ പണപ്പിരിവ് നടത്തരുത്; ഡി.ജി.പി
ഇതേത്തുടര്‍ന്ന് വീടിനുള്ളില്‍ സജ്‌നയുടെ കുടുംബം കുടുങ്ങിപ്പോകുകയായിരുന്നു. സജ്‌നയുടെ മാതാപിതാക്കളും സഹോദരിയും രണ്ടാം നിലയ്ക്കുള്ളില്‍ അകപ്പെട്ടു. ഇവരുടെ വീടിന്റെ ഒന്നാം നില പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
തുടര്‍ന്ന് സജ്‌നയുടെ കുടുംബം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞെങ്കിലും സേനാംഗങ്ങള്‍ക്ക് പ്രതികൂല കാലാവസ്ഥ കാരണം ഇവിടേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ ഇവിടെയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ സജ്‌നയേയും കുടുംബത്തേയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തി.
തുടര്‍ന്ന് പൂര്‍ണ്ണഗര്‍ഭിണിയായ സജ്‌നയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: സമകാലിക മലയാളം