അമ്പാട്ടി റായിഡുവിനോട് ചെയ്തത് തെറ്റ്: യുവ്‌രാജ് സിങ്
ICC WORLD CUP 2019
അമ്പാട്ടി റായിഡുവിനോട് ചെയ്തത് തെറ്റ്: യുവ്‌രാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2019, 8:34 pm

അമ്പാട്ടി റായിഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായിപ്പോയെന്ന് യുവ്‌രാജ് സിങ്. ‘അവര്‍ അമ്പാട്ടി റായിഡുവിനോട് ചെയ്തത് കാണുമ്പോള്‍ നിരാശതോന്നി. ലോകകപ്പിലേക്ക് അദ്ദേഹത്തിന് സാധ്യതയുണ്ടായിരുന്നു. ന്യൂസിലാന്റില്‍ അദ്ദേഹത്തിന് റണ്‍സ് ലഭിച്ചിരുന്നു. മൂന്നോ നാലോ മോശം മത്സരങ്ങളുടെ പേരില്‍ അദ്ദേഹത്തെ ഒഴിവാക്കുകയാണുണ്ടായത്.’ യുവ്‌രാജ് സിങ്
ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി അറിയപ്പെട്ട റായിഡുവിനെ രണ്ട് തവണയാണ് സെലക്ഷന്‍ കമ്മിറ്റി അവഗണിച്ചത്. ആദ്യം ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച സമയത്ത് റായിഡുവിനെ ഉള്‍പ്പെടുത്താതിരുന്ന സെലക്ടര്‍മാര്‍ ധവാനും വിജയ് ശങ്കര്‍ക്കും പരിക്ക് പറ്റിയപ്പോള്‍ റിഷഭ് പന്തിനെയും മായങ്ക് അഗര്‍വാളിനെയും ടീമിലെടുക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ട്വന്റി20യും റായിഡു കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളില്‍ നിന്ന് 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

ആറു ട്വന്റി20യില്‍ നിന്ന് 42 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ഇതുവരെയും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാന്‍ റായിഡുവിന് അവസരം ലഭിച്ചിരുന്നില്ല.

രോഹിത് ശര്‍മ, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, ആര്‍.പി.സിംഗ് തുടങ്ങിയ ശ്രദ്ധേയ താരങ്ങള്‍ ഉദിച്ചുയര്‍ന്ന ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെ നായകനായിരുന്ന റായിഡു. എന്നാല്‍ ഒപ്പം കളിച്ച താരങ്ങളെ പോലെ റായിഡുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല.