ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഇന്ന് നടത്തിയ പ്രഖ്യാപനങ്ങളില്‍ കടുത്ത നിരാശ രേഖപ്പെടുത്തി കോണ്‍ഗ്രസ്. രാജ്യത്ത് ലോക്ഡൗണ്‍ നിലവില്‍ വന്നതിന് പിന്നാലെ ദുരിതത്തിലായ പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൊവിഡില്‍ പ്രതിസന്ധിയിലായവര്‍ക്കാര്‍ക്കും ഉപകാരപ്പെടുന്നതല്ല ആര്‍.ബി.ഐ പ്രഖ്യാപനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താത്തത് നിരാശാ ജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഒരു അര്‍ത്ഥവുമില്ലാത്ത പ്രഖ്യാപനങ്ങളാണ് ആര്‍.ബി.ഐ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളും ഈ നീക്കത്തില്‍ നിരാശരാണ്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി കേന്ദ്രം കൂടുതല്‍ കരുതലുകള്‍ നടത്തേണ്ടിയിരുന്നു’, മാക്കന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
കൊവിഡ് 19 പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ചായിരുന്നു ആര്‍.ബി.ഐ പ്രഖ്യാപനങ്ങള്‍. റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറച്ചു. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല.
സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികം ഫണ്ട് അനുവദിക്കും. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് 50000 കോടി രൂപ എന്നിങ്ങനെ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.