ചെന്നൈ: രാഷ്ട്രീയ പ്രവേശമില്ലെന്ന് പ്രഖ്യാപിച്ച രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശരായ ആരാധകര്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്ത്. രജനീകാന്തിന്റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്ത ആരാധകര്‍ താരത്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധിച്ചത്.
എന്തുകൊണ്ടാണ് നിങ്ങള്‍ നിരാശപ്പെടുത്തിയതെന്ന് ജനങ്ങള്‍ താരത്തോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
‘തലൈവരെ നിങ്ങളെ ആവശ്യമുള്ള ഒരു സമയത്ത് നിങ്ങള്‍ ഞങ്ങളെ നിരാശപ്പെടുത്തുന്നതെന്തുകൊണ്ടാണ്? നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടായിരുന്നല്ലോ… നിങ്ങളായിരുന്നല്ലോ ഞങ്ങള്‍ക്കെല്ലാം കാലങ്ങളായി തന്നുകൊണ്ടിരുന്നത്. എന്നിട്ടും ഞങ്ങളെ നിരാശപ്പെടുത്തുന്നതെന്താണ്?,’ ആരാധകര്‍ ചോദിക്കുന്നു.
മറ്റൊരു ആരാധകന്‍ പറയുന്നത് രജനീകാന്ത് വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നുമാണ്.
‘നിങ്ങള്‍ വീട്ടിലിരുന്നാല്‍ മതി, ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം. തമിഴ്‌നാട് മുഴുവന്‍ നടന്ന് പ്രവര്‍ത്തിച്ചുകൊള്ളാം. എന്തിനാണ് ഞങ്ങളോടിത് ചെയ്തത്? ഞങ്ങള്‍ക്ക് ഒരു ഹൃദയമേ ഉള്ളു. അത് തകര്‍ത്ത് കളഞ്ഞില്ലേ? തലൈവരേ ഞങ്ങള്‍ റോഡിലിറങ്ങിക്കൊള്ളാം,’ എന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.
റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ആരാധകര്‍ രജനീകാന്തിന്റെ ബാനറുകള്‍ കത്തിക്കുകയും ചെയ്തു.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് രജനീകാന്ത് ചൊവ്വാഴ്ച പറഞ്ഞത്.
അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു.
രജനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞത്.
ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് ആദ്യം അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക