| Saturday, 18th October 2014, 10:08 am

കള്ളപ്പണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിരാശജനകമെന്ന് ചേതന്‍ ഭഗത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  കള്ളപ്പണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നിരാശാജനകമെന്ന് ചേതന്‍ ഭഗത്. ഈ തീരുമാനത്തെ ആരും എതിര്‍ക്കുന്നില്ല എന്നുള്ളത് നിരാശ ഇരട്ടിയാക്കുന്നതായും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശക്തമായ ജനാധിപത്യം എന്നു പറയുന്നത് ശക്തമായൊരു ഭരണകൂടവും ശക്തമായ പ്രതിപക്ഷവും ചേര്‍ന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശരാജ്യങ്ങളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചുരുന്നു. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. ഇത് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

വിവരങ്ങള്‍ കൈമാറിയ രാജ്യങ്ങള്‍ അവ വെളിപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും ഈ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ ഒരു രാജ്യവും ഇരട്ടനികുതി കരാറില്‍ ഒപ്പിടാന്‍ തയ്യാറാകില്ലെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. വിദേശ ബാങ്കുകളിലുള്ള ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്നും അവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്നും ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. ഈ കള്ളപ്പണം കണ്ടെത്തി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മോദി മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കള്ളപ്പണ നിക്ഷേപമുള്ളവരെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പരാതിക്കാരനും മുതിര്‍ന്ന അഭിഭാഷകനുമായ രാം ജത്മലാനി ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more