| Thursday, 20th December 2012, 1:00 pm

കോടതി വിധിയില്‍ നിരാശ: മത്സ്യത്തൊഴിലാളിയുടെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ച കോടതി വിധിയില്‍ നിരാശയെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ഭാര്യ ഡോറ. നാട്ടില്‍ പോയാല്‍ നാവികര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലെന്നും ഡോറ പറഞ്ഞു.

ആറ് കോടിയുടെ ബാങ്ക് ഗ്യാരണ്ടിയിന്മേലാണ് ഹൈക്കോടതി നാവികര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി പത്തിനകം തിരിച്ചെത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.[]

നാവികരെ നാട്ടില്‍ പോകാന്‍ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതയില്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് ക്കേസ് പ്രതികളെ നാട്ടില്‍ പോകാന്‍ അനുവദിച്ചിട്ട് ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടില്ല. അന്ന് ഫ്രഞ്ച് സ്ഥാനപതിയുടെ ഉറപ്പിന്മേലായിരുന്നു പ്രതികളെ ഫ്രാന്‍സിലേക്ക് വിട്ടത്.

പക്ഷേ അത് പാലിക്കപ്പെട്ടില്ല. ഈ അവസ്ഥ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ഉണ്ടാകരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിചാരണ വേളയില്‍ പ്രതികളുടെ സാന്നിദ്ധ്യം കേസില്‍ അത്യന്താപേക്ഷിതമാണെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

കേസില്‍ സംസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു കേന്ദ്രസര്‍ക്കാറിന്റേത്. നാവികര്‍ നാട്ടില്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. കേന്ദ്രസര്‍ക്കാറിന്റെ നിലപാടിന് അനുകൂലമായാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.

ഇരു രാജ്യങ്ങളുടെയും ബന്ധം പരിഗണിച്ച് നാവികരെ വിട്ടയക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. നീണ്ടകര തുറമുഖത്തു നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തു.

ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ് കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more