| Saturday, 30th September 2023, 12:36 pm

മായാവതിയുടെ തീരുമാനത്തോട് വിയോജിപ്പ്; ബി.എസ്.പി എം.പി ഡാനിഷ് അലി കോൺഗ്രസിലേക്കെന്ന് അഭ്യൂഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബി.ജെ.പി എം.പിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനിരയായ ബി.എസ്.പി എം.പി കുൻവർ ഡാനിഷ് അലി കോൺഗ്രസിലേക്ക് പോകുമെന്ന് സൂചന.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഡാനിഷ് അലിയെ സന്ദർശിച്ച് കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഡാനിഷ് അലി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

‘ഞങ്ങൾ ഡാനിഷ് അലി സാഹിബിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അദ്ദേഹം വളരെ ശക്തനായ എം.പിയാണ്. അദ്ദേഹം എപ്പോഴും രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് സംസാരിച്ചിട്ടുള്ളത്,’ അജയ് റായ് പറഞ്ഞു.

ഡാനിഷ് അലിയെ കോൺഗ്രസിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തങ്ങൾക്കൊപ്പം ചേരാൻ കോൺഗ്രസ് എല്ലാവരെയും ക്ഷണിക്കുമെന്ന് യു.പി കോൺഗ്രസ് സംഘടനാ സെക്രട്ടറി അനിൽ യാദവ് പറഞ്ഞു.

ബി.എസ്.പി നേതാവ് മായാവതിയുമായി സ്വരച്ചേർച്ചയിലല്ല ഡാനിഷ് അലി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനത്തോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.

ബി.എസ്.പി ഇന്ത്യ മുന്നണിയിൽ ചേരണമെന്ന അദ്ദേഹത്തിന്റെ നിലപാട് നടക്കാത്ത സാഹചര്യത്തിൽ ഇനി അദ്ദേഹം എന്ത് തീരുമാനം സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

എന്നാൽ ലോക്സഭയിൽ തനിക്കുണ്ടായ ദുരനുഭവത്തിൽ നിന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നും ഇപ്പോൾ ഒന്നും തീരുമാനിക്കുന്നില്ലെന്നും ഡാനിഷ് അലി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

‘ഞാൻ ഇപ്പോൾ ഒന്നിനെ കുറിച്ചും ചിന്തിക്കാനുള്ള അവസ്ഥയിലല്ല. എനിക്ക് ലോക്സഭയിൽ സംഭവിച്ച ദുരനുഭവത്തിന്റെ ട്രോമയിലാണ് ഞാൻ ഇപ്പോഴും,’ ഡാനിഷ് അലിയെ ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ചന്ദ്രയാന്റെ വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചക്കിടയിലാണ് മുസ്‌ലിം തീവ്രവാദി ഉൾപ്പെടെയുള്ള വർഗീയ പരാമർശങ്ങൾ ബി.ജെ.പി എം.പി രമേശ്‌ ബിധുരി ഡാനിഷ് അലിക്കെതിരെ നടത്തിയത്.

രമേശ്‌ ബിധുരിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതല്ലാതെ ബിധുരിക്കെതിരെ നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ പാർട്ടികൾ ഡാനിഷ് അലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഡാനിഷ് അലിയുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Content Highlight: Disagreement with Mayavathi; Rumors about BSP MP Danish Ali joining congress

We use cookies to give you the best possible experience. Learn more