| Saturday, 5th August 2023, 6:35 pm

സ്റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടുന്നതില്‍ വിയോജിപ്പ്; സി.പി.ഐ.എമ്മിനൊപ്പെം വോട്ട് ചെയ്ത് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: മലാംകുന്ന് സ്റ്റേഡിയത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടുന്നതിലെ വിയോജിപ്പിനെ തുടര്‍ന്ന് കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയില്‍ സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് വോട്ട് ചെയ്ത് മുസ്‌ലിം ലീഗ്. ഭരണസമിതിയില്‍ വിയോജന കുറിപ്പിറക്കിയ മുസ്‌ലിംലീഗ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. സ്‌റ്റേഡിയത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരും പവലിയന്‍ മുന്‍ എം.എല്‍.എ സി.മോയിന്‍ കുട്ടിയുടെ പേരും നല്‍കണമെന്നായിരുന്നു ഭരണ സമിതിയുടെ അജണ്ട. എന്നാല്‍ സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് മുസ്‌ലിം ലീഗ് വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അജണ്ട തള്ളി.

ഉമ്മന്‍ ചാണ്ടിയുടെ പേരിടുന്നതിനെതിരെ ഇടതുപക്ഷത്തെ എട്ട് അംഗങ്ങളാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ ആമിന ഇടത്തിലിന്റെ നേതൃത്വത്തിലാണ് വിയോജന കുറിപ്പ് മുസ്‌ലിം ലീഗ് നല്‍കിയത്. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടുവന്ന അജണ്ട പരാജയപ്പെട്ടു. പത്തിനെതിരെ എട്ട് വോട്ടുകള്‍ക്കായിരുന്നു അജണ്ട പരാജയപ്പെട്ടത്. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷാജി, കെ.ശിവദാസന്‍, എം.ആര്‍.സുകുമാരന്‍, ഇ.പി. അജിത്ത്, നൗഷാദ്, കെ.കെ ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, സി.ജി സി.ബി എന്നിവരാണ് അജണ്ടക്കെതിരെ വോട്ട് ചെയ്തത്. മുസ്‌ലിം ലീഗില്‍ നിന്നും ആമിന ഇടത്തില്‍, സുനിത രാജന്‍ എന്നിവരാണ് വോട്ട് രേഖപ്പെടുത്തിയത്. അജണ്ട പരാജയപ്പെട്ടതോടെ പ്രസിഡന്റ് രാജി വെക്കണമെന്ന ആവശ്യവും അംഗങ്ങള്‍ ഉയര്‍ത്തി.

Content Highlights: Disagreement over naming the Oommen Chandy for stadium; Muslim League by voting with CPIM

We use cookies to give you the best possible experience. Learn more