| Thursday, 13th October 2022, 11:49 am

ഹിജാബ് വിധിയിൽ ഭിന്നാഭിപ്രായം; വിധി വിശാല ബെഞ്ചിന് വിട്ട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെം​ഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് സംബന്ധിച്ച് കോടതിയിൽ ഭിന്നാഭിപ്രായം. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചു. എന്നാൽ ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. കോടതിയിൽ ഭിന്നാഭിപ്രായം ഉയർന്നതോടെ വിധി വിശാല ബെഞ്ചിന് കൈമാറി. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ആയിരിക്കും തീരുമാനിക്കുക.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുധാൻശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്ന വിധികൾ പുറപ്പെടുവിച്ചത്.

2021 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഉഡുപ്പി സർക്കാർ പി.യു കോളജിൽ ഹിജാബ് ധരിച്ച് ക്ലാസിൽ എത്തിയ വിദ്യാർത്ഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാർത്ഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.

ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പാളിൻറെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു.

പ്രതിഷേധങ്ങൾ കനത്തതോടെ സംഘപരിവാർ വിദ്യാർത്ഥി സംഘടനാ നേതാക്കൾ കാവി ഷാൾ ധരിച്ച് കോളജുകളിലെത്തിയിരുന്നു.

ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ കർണാടക സർക്കാർ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സർക്കാരിന് ശിപാർശ ചെയ്തു.

ഫെബ്രുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് കർണാടകയിലെ ബി.ജെ.പി സർക്കാർ ഉത്തരവിറക്കി. ഇതിന് മുൻപ് ജനുവരി 31ന് ഹിജാബ് വിഷയത്തിൽ ഉഡുപ്പിയിലെ ആറ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ്‌ വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള നടപടി തുടരാൻ ഹൈക്കോടതി വിശാല ബെഞ്ച് നിർദേശിച്ചു.

കേസിൽ 11 ദിവസം വാദം നീണ്ടു നിന്നു. മാർച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. വിധിക്ക് എതിരെ നിരവധി സംഘടനകൾ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ 5ന് സുപ്രിംകോടതി ഹരജികൾ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേൾക്കലിന് ഒടുവിൽ വിധി പറയാൻ മാറ്റിവെച്ച കേസാണ് വിശാലബെഞ്ചിനു കൊമാറിയിരിക്കുന്നത്.

Content Highlight: Disagreement on Hijab Ruling; The court left the verdict to a larger bench

We use cookies to give you the best possible experience. Learn more