സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് “സ്വാവലംബന്‍ യോജന”. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായ പദ്ധതിയാണ് ഇത്. എന്നാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് കൊണ്ടുവന്ന ഈ പദ്ധതിയുടെ ഗുണഫലം കേരളത്തിലെ ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വാവലംബന്‍ പദ്ധതി
ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് “സ്വാവലംബന്‍”. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുക.
അന്ധത ബാധിച്ചവര്‍, കാഴ്ച കുറവുള്ളവര്‍, കുഷ്ഠരോഗം ഭേദമായര്‍, കേള്‍വി കുറവുള്ളവര്‍, ലോക്കോ-മോട്ടോര്‍ ഡിസബിലിറ്റി, ബുദ്ധിമാന്ദ്യമുള്ളവര്‍, മാനസിക തകരാറുകള്‍ ഉള്ളവര്‍ എന്നിവരെ ലക്ഷ്യംവെച്ചാണ് സ്വാവലംബന്‍ പദ്ധതി ആരംഭിച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓണ്‍ ഡിസബിലിറ്റീസാണ് (എസ്.ഐ.ഡി) പദ്ധതിയുടെ ഏകോപന ചുമതല.
65 വയസുവരെയുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. 40 ശതമാനം വൈകല്യമുള്ളവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. 3157 രൂപയാണ് പ്രീമിയം തുക. ഇതില്‍ 375 രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ അടയ്ക്കേണ്ടത്. ബാക്കി 2800 രൂപ കേന്ദ്രസര്‍ക്കാരാണ് അടയ്ക്കേണ്ടത്.
2016 സെപ്റ്റംബറിലാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതും വൈദ്യപരിശോധന ആവശ്യമില്ലെന്നതും ഈ പദ്ധതിയുടെ സവിശേഷതയായിരുന്നു. കോഴിക്കോട്ടു വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ട് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായി മാറേണ്ടിയിരുന്ന പദ്ധതിയായിരുന്നു സ്വാവലംബന്‍. എന്നാല്‍ കൊട്ടിഘോഷിച്ച പ്രഖ്യാപനത്തിനപ്പുറം ഇതിന്റെ ആനുകൂല്യം ഭിന്നശേഷിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ആരംഭിച്ച് കുറച്ചുകാലത്തിനകം തന്നെ പദ്ധതി പ്രതിസന്ധിയിലായി. പ്രീമിയം അടച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണം തുടങ്ങിയിരുന്നെങ്കിലും വൈകാതെ ഇത് നിര്‍ത്തി വെയ്ക്കുകയായിരുന്നു.
375 രൂപ മാത്രമായിരുന്നു ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി അപേക്ഷിച്ച ഒരാള്‍ അടയ്ക്കേണ്ട പ്രീമിയം തുക. പലരും ഈ തുക അടച്ചു. എന്നാല്‍ ഏറെ വൈകാതെ തന്നെ ഈ തുക അപേക്ഷകര്‍ അടയ്ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അടയ്ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ പദ്ധതി ഫലത്തില്‍ സൗജന്യമായി മാറി. രണ്ടു കോടി രൂപയോളമാണ് സംസ്ഥാനം ഇതിനായി വകയിരുത്തിയത്.
എന്നാല്‍ പദ്ധതിയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണമായത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അടച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മോദിസര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ മൂന്നുതവണ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിരുന്നു.
വളരെ കഷ്ടപ്പെട്ടാണ് ശാരീരിക പരിമിതിയുള്ളവര്‍ പദ്ധതിയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്. വൈകല്യം തെളിയിക്കുന്നതിനുള്ള നിയമാനുസൃത രേഖ അപേക്ഷയ്ക്കൊപ്പം ആവശ്യമാണ്. ഇത് ലഭിക്കാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകണമെന്നാണ് വില്ലേജ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ നിബന്ധന വെച്ചത്. ശാരീരിക പരിമിതികളുള്ളതിനാല്‍ പലരെയും ബന്ധുക്കള്‍ താങ്ങിയെടുത്ത് വാഹനത്തിലാണ് ഓഫീസുകളില്‍ എത്തിച്ചിരുന്നത്. ഏറെ കഷ്ടപ്പെട്ട് നിയമാനുസൃത രേഖകളെല്ലാം സംഘടിപ്പിച്ച് നല്‍കിയെങ്കിലും കേന്ദ്രത്തിന്റെ പിടിപ്പുകേട് കാരണം അതെല്ലാം ഇപ്പോള്‍ വ്യര്‍ത്ഥമായിരിക്കുകയാണ്.
സ്വാവലംബന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഡിഫറന്റ്ലി ഏബ്ള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ (ഡി.എ.ഡബ്ലൂ.എഫ്) നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. സ്വാവലംബന്‍ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ വേദിയുടെ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
ഇന്‍ഷുറന്‍സ് പദ്ധതി മുടങ്ങിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ഭിന്നശേഷിക്കാരുടെ നിര്‍ധന കുടുംബങ്ങളാണ് ചികിത്സ ചെലവ് താങ്ങാനാവാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ പദ്ധതി പ്രകാരമുള്ള പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കടം വാങ്ങി ശസ്ത്രക്രിയ നടത്തിയ കൊച്ചി തമ്മനം സ്വദേശി ലിജോയുടെ ദുരിതകഥ മനോരമ ന്യൂസ് ചാനല്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ രോഗബാധയെ തുടര്‍ന്നാണ് ലിജോയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. കടം വാങ്ങിയ തുക തിരികെ നല്‍കാനായി ഇന്‍ഷുറന്‍സ് തുക ലഭിക്കാതായതോടെ ലിജോയും കുടുംബവും കാരണം അന്വേഷിച്ചു. അപ്പോഴാണ് കഴിഞ്ഞ ഏഴുമാസമായി പദ്ധതി മുടങ്ങിയിരിക്കുകയാണെന്ന വിവരം ഇവര്‍ അറിയുന്നത്.
“സ്വാവലംബന്‍” ഇന്‍ഷുറന്‍സ് പദ്ധതി മുടങ്ങിയതോടെ ലിജോയെ പോലെ ഭിന്നശേഷിക്കാരായ ആയിരക്കണക്കിന് നിര്‍ധനരുടെ കുടുംബങ്ങളാണ് എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലായത്. ഗുണഭോക്താവ് അടയ്ക്കേണ്ട 10 ശതമാനം വിഹിതം സംസ്ഥാനം അടച്ചിട്ടു പോലും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിഹിതമായ 90 ശതമാനം തുക അടയ്ക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതാണ് ഇവരുടെ ദുരവസ്ഥയ്ക്ക് കാരണം. കാരണം അറിയാമെങ്കിലും പദ്ധതി എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഉത്തരമില്ല. സാധ്യമായത്രയും വേഗത്തില്‍ പദ്ധതി പുനരാരംഭിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കുടുംബങ്ങളെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
മനോരമ ന്യൂസിന്‍റെ വീഡിയോ റിപ്പോര്‍ട്ട് കാണാം: