പട്‌ന: മല്ലിക ഷെരാവത്ത് അഭനയിച്ച ബോളിവുഡ് ചിത്രം “ഡേര്‍ട്ടി പൊളിറ്റിക്‌സ്”ന്റെ റിലീസിംഗ് പട്‌ന ഹൈക്കോടതി തടഞ്ഞു. സിനിമയില്‍ ആക്ഷേപകരമായ രംഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം കോടതി തടഞ്ഞിരിക്കുന്നത്.
ചിത്രത്തില്‍ മല്ലിക ഷെരാവത്ത് ഇന്ത്യയുടെ ദേശീയ പതാക അണിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന പരാതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. രംഗങ്ങള്‍ ദേശീയ പതാകയെ അവഹേളിക്കുന്നതാണെന്നായിരുന്നു പരാതി.
ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കുന്നത് വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് പട്‌ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയച്ചിട്ടുണ്ട്.
മല്ലിക ഷെരാവത്തിനെ കൂടാതെ ഓം പുരി, നസ്‌റുദ്ദീന്‍ ഷാ, അനുപം ഖേര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാവായ ഓം പുരിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കുന്നതിനായി പ്രതിപക്ഷം നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ് സംഭവത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോവുന്നത്.
ചിത്രത്തില്‍ നസ്‌റുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകന്റെ വേഷം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനായി വെച്ച് നീട്ടിയിരുന്നുവെന്നും അദ്ദേഹം അത് നിരസിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.