സില്‍ക്ക് സ്മിതയെ അവര്‍ വീണ്ടും വിറ്റു
Movie Day
സില്‍ക്ക് സ്മിതയെ അവര്‍ വീണ്ടും വിറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2011, 8:41 pm

ഫസ്റ്റ് ഷോ/ നിരാഞ്ജലി വര്‍മ്മ

സിനിമ: ഡര്‍ട്ടി പിക്ചര്‍

ഡയരക്ടര്‍: മിലന്‍ ലുഥ്‌റിയ

നിര്‍മ്മാണം: ഏക്താ കപൂര്‍, ശോഭാ കപൂര്‍

തിരക്കഥ: രജത് അറോറ

സംഗീതം: വിഷാല്‍- ശേഖര്‍

ഛായാഗ്രഹണം: ബോബി സിങ്

എഡിറ്റിങ്: അഖില്‍ വി

വിതരണം: ബാലാജി മോഷന്‍ പിക്‌ചേഴ്‌സ്

Silk-Smitha-Masalaപുരുഷന്മാരെ ആനന്ദിപ്പിക്കുന്ന– “ഇന്ദ്രിയസുഖം നല്‍കുന്ന, മലിനമായ, മാദകത്വം തുളുമ്പുന്ന” സുന്ദരിയായ സില്‍ക്കിനെ ഒരിക്കല്‍ കൂടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് മിലന്‍ ലുധിയ. ക്രീഡാസക്തിയുള്ള സ്തനങ്ങള്‍ക്കും സ്തനങ്ങള്‍ക്കിടയിലെ വിടവുകള്‍ക്കും ലഹരി പിടിപ്പിക്കുന്ന മിഴികള്‍ക്കും ആരെയും തന്നിലേക്കാകര്‍ഷിക്കുന്ന ചുണ്ടുകള്‍ക്കും അപ്പുറം വിജയലക്ഷ്മിയെന്ന സ്ത്രീയെ ഡേര്‍ട്ടി പിക്ചര്‍ പൂര്‍ണ്ണമായും കുഴിച്ചുമൂടുകയാണ്. ഒരു മുഴുനീള വിനോദസിനിമ നിര്‍മ്മിക്കുന്നയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതില്‍ സംവിധായകന്‍ മിലന്‍ ലുധിയ വിജയിച്ചുവെന്നു പറയാം. അതിലുപരി ഒരാളുടെയും ചിന്തയെ സ്വാധീനിക്കാന്‍ ഡേര്‍ട്ടി പിക്ചറിന് കഴിയില്ല.[]

മുഴുനീള വിനോദ സിനിമ എന്ന നിലയിലും ശരീര ഭാഗങ്ങള്‍ കഴിയാവുന്നിടത്തോളം പ്രദര്‍ശിപ്പിച്ചിട്ടുള്ള പോസ്റ്ററുകള്‍ വഴിയും തിയ്യേറ്ററുകള്‍ ഹൗസ്ഫുള്‍ ആക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍ വിരസവും ഏറെ പരിചിതവുമായ ശൈലിയില്‍ നിന്നും ഒട്ടും മുന്നോട്ടുപോകാത്ത ആഖ്യാനമാണ് സിനിമയുടേത്. 17 വര്‍ഷം കൊണ്ട് 450ലധികം സിനിമകളില്‍ സില്‍ക്ക് സ്മിത വിജയകരമായി ചെയ്തത് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. ശരീരപ്രദര്‍ശനത്തിനും വളഞ്ഞുപുളഞ്ഞുള്ള അംഗചലനത്തിനുമിടയില്‍ ചക്രവാളത്തിലെന്നപോലെ വിദൂരതയില്‍ ഒരു ദുരന്തകഥ പറയുന്ന സിനിമ, 15വര്‍ഷം പഴക്കമുള്ള ശവക്കുഴിയില്‍ നിന്നും സില്‍ക്കിനെ വില്‍ക്കാന്‍ വലിച്ചിഴച്ചു കൊണ്ടുവന്നിരിക്കുന്നു.

സില്‍ക്കിന്റെ ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു….. ദാരിദ്ര്യം, സമരം, ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്കുള്ള വളര്‍ച്ച, വിജയം, വന്‍ തകര്‍ച്ച, ചുഴറ്റുന്ന പരാജയം, ഏറ്റവും മാദകത്വം നിറഞ്ഞ നടി എന്ന ഖ്യാദി എന്നെന്നും നിലനിര്‍ത്തണമെന്ന ആഗ്രഹം…. സാധാരണ സ്ത്രീകള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്നതിലും അപ്പുറമുള്ള ജീവിതമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സില്‍ക് സ്മിതയുടേത്.

ഡേര്‍ട്ടി പിക്ചര്‍ പറയാന്‍ ശ്രമിക്കുന്നത് നിറം മങ്ങിയ വര്‍ണ്ണാഭമായ ജീവിതവും, സിനിമാവ്യവസായരംഗത്തെ മാലിന്യങ്ങളും  കപടനാട്യവും ഈഗോയും(പൊങ്ങച്ചം) പകയും ഏകാന്തതയും ഒറ്റപ്പെടലും നിരാശയും…. നിറഞ്ഞ സില്‍ക്കിന്റെ കഥ പറയുന്നുണ്ടെങ്കിലും അതിനുള്ളിലേക്ക് കടന്നുചെല്ലാനോ, അതിലെ വികാരങ്ങളെ പ്രകടിപ്പിക്കാനോ ഡേര്‍ട്ടി പിക്ചറിന് സാധിച്ചില്ല.

പ്രേക്ഷകനില്‍ ഏതെങ്കിലും തരSilk-Smitha-Masala, dirty, sexy, seductive, dirty pictureത്തിലുള്ള വികാരങ്ങളെ ഉണര്‍ത്തുന്നതില്‍ ഈ സിനിമ പൂര്‍ണമായും പരാജയപ്പെട്ടു. കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതിനോ അതിനോട് വെറുപ്പോ നമുക്ക് തോന്നുന്നില്ല. പ്രേക്ഷകര്‍ക്ക് സങ്കടമോ, വേദനയോ, ഭീതിയോ… ഒന്നും തോന്നില്ല. സിനിമയില്‍ അവള്‍ പറയുന്നു ” അയാം എന്റര്‍ടൈന്‍മെന്റ്”(I am entertainment), അവള്‍ പറയുന്നത് സത്യമാണ്. എന്നിട്ടും ആ സത്യത്തെ പൂര്‍ണ്ണമായും പ്രേക്ഷകന് മുന്നിലെത്തിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല.

പുരുഷ പ്രേക്ഷകര്‍ക്ക് വേണ്ട എല്ലാ വിഭവങ്ങളും ഒരുക്കിയ സ്ത്രീ പ്രാധാന്യമുള്ള സിനിമയാണ് ഡേര്‍ട്ടി പിക്ചര്‍. ആത്മകഥയെന്ന തലവാചകം ഈ ചിത്രത്തിന് ഒരിക്കലും നല്‍കാനാവില്ല. സിനിമാ നിര്‍മ്മാതാക്കള്‍ സില്‍ക് സ്മിതയുടെ ചില സംഭവകകഥകള്‍ മോഷ്ടിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. സിനിമാലോകം അതില്‍ വ്യാപരിക്കുന്ന ഒരു സ്തീയോട് എന്തെല്ലാം അനീതി ചെയ്യാന്‍ പറ്റുമോ അത് മുഴുവന്‍ സില്‍ക്കിനോടും ചെയ്തിട്ടുണ്ടെന്ന് സിനിമ പറയുന്നുണ്ട്.

സില്‍ക്കിനെ വാരിവിഴുങ്ങുകയും, മാദകത്വം നിറഞ്ഞ യൗവ്വനത്തെ കാര്‍ന്നുതിന്നുകയും അതുവഴി ഏകാന്തതയിലേക്കും കൂരിരുട്ടിലേക്കും ജീവിതത്തെ ചവിട്ടിത്താഴ്ത്തുകയും ചെയ്ത സിനിമാ വ്യവസായം… അതിനുവേണ്ടി ജീവിതം വിഭജിച്ചു നല്‍കിയ സ്ത്രീയ്ക്കിടയില്‍ പോലും സാമൂഹ്യകളങ്കത്തിന്റെയും ധാര്‍മ്മികതയുടേയും പേരില്‍ യാതൊരു വിധ ദയയുമില്ലാതെ മതില്‍ക്കെട്ടുകള്‍ തീര്‍ത്ത് അതിനുള്ളില്‍ അവരെ ചവിട്ടിത്താഴ്ത്തിയത് ഒരിക്കലും നീതീകരിക്കാനാവില്ല.

സില്‍ക് സ്മിത ലൈംഗിക തൃഷ്ണയുള്ള നടിയാണ്, വൃത്തികെട്ട സിനിമകളാണ് അവളുടേത്- മാധ്യമങ്ങള്‍ അവരെ ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന നടത്തി. ഇന്ന് 20 വര്‍ഷങ്ങള്‍ക്കുശേഷം നമ്മള്‍ അവളെ അതേരീതിയില്‍ വീണ്ടും പീഡിപ്പിക്കുന്നു. തന്റെ സ്വപ്‌നങ്ങളെല്ലാം ചിതറിത്തെറിക്കുന്നത് കണ്ട്, ഒരു മനുഷ്യസ്ത്രീയായി അംഗീകാരം ലഭിക്കാത്തതില്‍ മനംനൊന്ത്, ലോകം ഒരിക്കല്‍ അതിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് തന്നിലെ സ്ത്രീയെ തിരിച്ചറിയുമെന്ന പ്രതീക്ഷയും അസ്തമിച്ചപ്പോള്‍ സില്‍ക് സ്മിത (വിജയലക്ഷ്മി) ജീവിതം അവസാനിപ്പിച്ചു. സില്‍ക്കിന്റെ ജീവിതം ആഘോഷിക്കുകയാണെന്നാണ് സിനിമ അവകാശപ്പെടുന്നത് സത്യത്തില്‍ അവര്‍ അത് ചെയ്തിട്ടുണ്ടോ?

എന്നിരുന്നാലും വിദ്യാബാലന്‍ vidyabalan, Silk-Smitha-Masala, dirty, sexy, seductive, dirty pictureഎന്ന നടിക്ക് സ്വയം കണ്ടെത്താന്‍ ഈ സിനിമ അവസരം നല്‍കിയിട്ടുണ്ട്. “പരിണിത”യില്‍ നിന്നും ഡേര്‍ട്ടി പിക്ചറിലേക്കുള്ള വിദ്യാബാലന്റെ വളര്‍ച്ച പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ കഴിയും. നസ്‌റുദ്ദീന്‍ഷായും തന്റെ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.

ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് ആത്മഹത്യ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ചിരിക്കുകയും കളിയാക്കുകയും ചെയ്‌തെങ്കില്‍ ആ സിനിമയ്ക്ക് പ്രേക്ഷകരെ ഒരുതരത്തിലും സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാണ്. അവളുടെ മാദകത്വത്തിലൂടെയും, ഭോഗേച്ഛയിലൂടെയും ശരീരത്തിലെ ഉയര്‍ച്ചതാഴ്ചകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്ന ക്യാമറ ഒരിക്കല്‍പോലും അവളുടെ മുഖത്തുണ്ടാകുന്ന വികാരങ്ങളെ ഒപ്പിയെടുക്കുന്നതില്‍ വിജയിച്ചില്ല.

സില്‍ക് സ്മിതയെ മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ ബോറടിയുടെ വാള്‍മുനയിലേക്ക് പെട്ടെന്ന് തന്നെ പതിച്ചിട്ടുണ്ടാകും. ഈ സിനിമ കാണുന്ന പുരുഷന് ടിക്കറ്റിന്റെ പൈസ മുതലാക്കുന്ന വിധത്തില്‍ ലൈംഗിക ഹോര്‍മോണ്‍ ലഭിച്ചിട്ടുണ്ടായേക്കാം. സിനിമാ ഹാളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മിലനോ, ഏക്ത കപൂറോ അല്ലാതെ മറ്റാരെങ്കിലും ഈ സിനിമ ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി…..

Keywords: Dirty Picture- Film Criticism, Dirty Picture film review,Dirty Picture, Vidyabalan, Silk Smitha

Malayalam news, Review in English