| Thursday, 17th March 2022, 11:13 am

ആര്‍ത്തവം പോലുള്ള 'വൃത്തികെട്ട കാര്യങ്ങള്‍' പുണ്യസ്ഥലമായ നിയമസഭയില്‍ ചര്‍ച്ച ചെയ്യാനാവില്ല: അരുണാചലിലെ ബി.ജെ.പി എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: സ്ത്രീകളുടെ ആര്‍ത്തവം സംബന്ധിച്ച കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം പ്രാധാന്യമുള്ളതല്ലെന്ന് അരുണാചല്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എമാര്‍.

സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് ഒരു ദിവസത്തെ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനെയാണ് എം.എല്‍.എമാര്‍ എതിര്‍ത്തത്. ഇതോടെ ബില്‍ സഭയില്‍ ചര്‍ച്ചക്ക് വെക്കാനാവാതെ പിന്‍വലിച്ചു.

ബില്ലിന്‍ ആമുഖമായി കോണ്‍ഗ്രസ് എം.എല്‍.എ നിനോങ് എറിങ് അവതരിപ്പിച്ച പ്രമേയത്തെയും ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ എതിര്‍ത്തു.

ഇറ്റലി, ജപ്പാന്‍ പോലുള്ള രാജ്യങ്ങളും ഇന്ത്യയില്‍ ബീഹാര്‍, കേരളം പോലുള്ള സംസ്ഥാനങ്ങളും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് അവധി പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പറഞ്ഞു.

എന്നാല്‍ നിയമസഭ പുണ്യമായ ഒരു സ്ഥലമാണെന്നും ഇത്തരം ‘വൃത്തികെട്ട കാര്യങ്ങള്‍’ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നുമാണ് ബി.ജെ.പി എം.എല്‍.എ ലോകാം താസ്സര്‍ പറഞ്ഞത്.

ആര്‍ത്തവ കാര്യങ്ങളൊക്കെ സംസ്ഥാന വനിതാ കമ്മീഷനില്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.

അരുണാചലിലെ ന്യിഷി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളെക്കുറിച്ച് പറഞ്ഞാണ് എം.എല്‍.എമാര്‍ ഇതിനെ ന്യായീകരിച്ചത്.

”ഞങ്ങളുടെ ന്യിഷി കമ്മ്യൂണിറ്റിയില്‍ (ഗോത്രം) ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അകലം പാലിച്ച് ദൂരെ വേണം കിടന്നുറങ്ങാന്‍. അതുപോലെ മറ്റ് ആളുകളുടെ അടുത്തേക്കൊന്നും വരാന്‍ പാടില്ല,” എം.എല്‍.എ ലോകം താസര്‍ പറഞ്ഞു.

ന്യിഷി ആചാരമനുസരിച്ച് സ്ത്രീകള്‍ ‘അശുദ്ധിയുള്ള’ ആര്‍ത്തവ സമയത്ത് പുരുഷന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു ബി.ജെ.പി എം.എല്‍.എയായ താന ഹലി തര പറഞ്ഞത്.

”ആര്‍ത്തവ സമയത്ത് അവധി എന്നത് കേരളത്തിലും ബീഹാറിലുമൊക്കെ അനുവദനീയമായിരിക്കും. പക്ഷെ, ഇവിടെ അത് നടക്കില്ല,” താന ഹലി തര കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍ പ്രദേശില്‍ പേമ ഖണ്ടു ആണ് മുഖ്യമന്ത്രി.


Content Highlight: dirty matters like menstruation is not worthy of discussion in legislative assembly, Arunachal Pradesh BJP MLAs

We use cookies to give you the best possible experience. Learn more