| Tuesday, 24th January 2023, 12:05 pm

സിനിമയിലെ ഏറ്റവും മികച്ച സീന്‍ ജയറാം കാരണം ഒഴിവാക്കേണ്ടി വന്നു, പിന്നീട് എല്ലാം ശരിയായി: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1999ല്‍ സിദ്ദീഖ് സംവിധാനം ചെയ്ത സിനിമയാണ് പ്രണ്ട്‌സ്. ജഗതി  ശ്രീകുമാറും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ജഗതിയുടെ തലയില്‍ ചുറ്റിക വീഴുന്ന ഒരു സീന്‍ സിനിമയിലുണ്ട്. ചിത്രത്തിലെ മികച്ച കോമഡി രംഗങ്ങളിലൊന്നായിരുന്നു അത്.

എന്നാല്‍ ആ സീന്‍ സിനിമയില്‍ നിന്നും  ഒഴിവാക്കിയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. ആ സീനില്‍ ജയറാം ഇല്ലാത്തതുകൊണ്ടാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ചില സാഹചര്യങ്ങള്‍ ഒത്ത് വന്നപ്പോള്‍ ഷൂട്ട് ചെയ്യുകയായിരു ന്നെന്നും സംവിധായകന്‍ പറഞ്ഞു.

‘ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ തലയില്‍ ചുറ്റിക വീഴുന്ന സീന്‍ ശരിക്കും സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ്. അതിന് പകരം ഞങ്ങള്‍ വേറെ സീനായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷെ എന്തോ ഒരു ഭാഗ്യം കൊണ്ടാണ് ആ സീന്‍ ഷൂട്ട് ചെയതത് ആ സീന്‍ വെട്ടി കളയരുതെന്ന് ജയറാം എപ്പോഴും വന്ന് പറയുമായിരുന്നു.

ജയറാം ഇടക്കിടെ വന്ന് പറയുമ്പോള്‍ ഞാന്‍ പറയും, ലെങ്ത് കൂടുതലാണ് ആ സീന്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന്. സാരമില്ല വിട്ടേക്കാം തമാശ വേറെയും ഉണ്ടല്ലോയെന്നും ഞാന്‍ പറയും. അത് കേട്ടപ്പോള്‍ ജയറാമിന് ഭയങ്കര സങ്കടമായിരുന്നു. ഒരു ദിവസം  ജയറാമിന് ഒരു തമിഴ് പടത്തില്‍ അഭിനയിക്കാന്‍ പോകേണ്ടി വന്നു.

അങ്ങനെ ജയറാം ആ സിനിമയുടെ ഷൂട്ടിന് വേണ്ടി പോകാന്‍ തീരുമാനിച്ചു. ജയറാം പോയി കഴിഞ്ഞാല്‍ ഇവിടെ വേറെ വര്‍ക്കില്ലായിരുന്നു. അങ്ങനെയാണെങ്കില്‍ ഒരു ദിവസം വര്‍ക്ക് നിര്‍ത്തി വെക്കേണ്ടി വരും. അപ്പോള്‍ ജയറാം പറഞ്ഞു എന്നാല്‍ ഒരു കാര്യം ചെയ്യ്, വേണ്ടെന്ന് വെച്ച സീന്‍ ഷൂട്ട് ചെയ്യാമെന്ന്. അങ്ങനെയാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്.

ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ജയറാമില്ലായിരുന്നു. എന്നാല്‍ ശരിക്കും സിനിമയില്‍ ജയറാമുണ്ട്. ജയറാമുള്ള സീനായിരുന്നു, എങ്കിലും ഞാന്‍ അപ്പുറത്താണെന്ന് പറഞ്ഞാല്‍ മതിയല്ലോ എന്നാണ് ജയറാം അന്ന് പറഞ്ഞത്. അന്ന് ജയറാം പോയതുകൊണ്ടും വേറെ ഒന്നും ഷൂട്ട് ചെയ്യാന്‍ ഇല്ലാത്തതുകൊണ്ടും ഷൂട്ട് ചെയ്തതാണ് ആ സീന്‍. പക്ഷെ ഇന്ന് ആ സിനിമയിലെ ഹൈലൈറ്റാണ് ആ സീന്‍,’ സിദ്ദീഖ് പറഞ്ഞു.

content highlight: diredtor sidhique talks about friends movie and jayaram

We use cookies to give you the best possible experience. Learn more