സ്മൃതി ഇറാനി, ഇതൊരു ദേശീയ നാണക്കേടാണ്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്നറിയാത്ത താങ്കളില്‍ നിന്നും അത് സ്വീകരിക്കുന്നതിനേക്കാള്‍ ഭേദം ബഹിഷ്‌കരിക്കുന്നതാണ്: ഡോ. ബിജു
Kerala News
സ്മൃതി ഇറാനി, ഇതൊരു ദേശീയ നാണക്കേടാണ്; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്നറിയാത്ത താങ്കളില്‍ നിന്നും അത് സ്വീകരിക്കുന്നതിനേക്കാള്‍ ഭേദം ബഹിഷ്‌കരിക്കുന്നതാണ്: ഡോ. ബിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 11:22 am

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്.

11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് നല്‍കുമെന്നുമാണ് പറയുന്നതെന്നും എന്തൊരു പരിഹാസ്യമാണ് ഇതെന്നും ഡോ. ബിജു ചോദിക്കുന്നു.

എന്തിനാണ് ഇത്തരമൊരു നീക്കം. ഇന്ത്യന്‍ രാഷ്ട്രപതി നല്‍കിപ്പോന്നിരുന്ന ഒരു പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനിക്ക് നല്‍കാന്‍ കഴിയുകയെന്നും ബിജു ചോദിക്കുന്നു.

“”ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ 64 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇത് തന്നെയാണ് ഈ അവാര്‍ഡിന്റെ പ്രധാന പ്രത്യേകതയും.


Dont Miss പൊലീസ് റിക്രൂട്ട്‌മെന്റ് : ആണ്‍-പെണ്‍ ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍: വസ്ത്രമുള്‍പ്പെടെ അഴിച്ചുള്ള പരിശോധനക്കെതിരെ പ്രതിഷേധം


ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും ഒരു അവാര്‍ഡ് സ്വീകരിക്കുകയെന്നത് അഭിമാനവും സന്തോഷവുമാണ്. ഇന്ന് 65 ാം ദേശീയ അവാര്‍ഡ് പുരസ്‌കാരദാന ചടങ്ങ് നടക്കാനിരിക്കെയാണ് എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി അവാര്‍ഡ് നല്‍കുമെന്നുമാണ് പറയുന്നത്. എന്തൊരു പരിഹാസ്യമാണ് ഇതെന്ന് നോക്കണം. എന്തിനാണ് ഇത്തരമൊരു നീക്കം. ഇന്ത്യന്‍ പ്രസിഡന്റ് നല്‍കിപ്പോന്നിരുന്ന ഒരു പുരസ്‌കാരം എങ്ങനെയാണ് സ്മൃതി ഇറാനിക്ക് നല്‍കാന്‍ കഴിയുക? ദേശീയ അവാര്‍ഡ് പുരസ്‌കാരത്തെയും അതിന്റെ സത്യസന്ധതയേയും ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കമാണ് ഇത്. ദേശീയ അവാര്‍ഡ് ജേതാക്കളുടെ ഭൂരിപക്ഷവും ഇതിനെതിരെ പ്രതിഷേധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്.

പ്രിയ സഹപ്രവര്‍ത്തകരേ… ഒരു സാധാരണ മന്ത്രിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ ഈ പുരസ്‌കാരം സ്വീകരിക്കരുത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ അവാര്‍ഡ് രാഷ്ട്രം നിങ്ങള്‍ക്ക് തരുന്ന ബഹുമതിയാണ്. അത് സ്വീകരിക്കേണ്ടത് രാഷ്ട്രപതിയില്‍ നിന്നാണ്. ആര്‍ക്കും ആ സ്ഥാനം ആര്‍ക്കും മാറ്റാനാവില്ല. ഈ ബഹുമതി ആര്‍ക്കും നിഷേധിക്കാനും കഴിയില്ല.

സ്മൃതി ഇറാനി ഇതൊരു ദേശീയ നാണക്കേടാണ്. നിങ്ങള്‍ക്ക് കലയെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യയുടെ അഭിമാനത്തെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും ഒന്നും അറിയില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിലയെന്തെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല.

മുന്‍മന്ത്രിമാര്‍ എല്ലാവരും ചെയ്തതുപോലെ പുരസ്‌കാരം നല്‍കാന്‍ രാഷ്ട്രപതിയെ അനുവദിക്കുക. അല്ലാത്തപക്ഷം അവാര്‍ഡ് ജേതാക്കളെല്ലാം പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കും. പുരസ്‌കാരം പോസ്റ്റല്‍ വഴിയോ കൊറിയര്‍ വഴിയോ താങ്കള്‍ക്ക് അയക്കേണ്ടതായും വരും. – ഡോ. ബിജു പറയുന്നു.