| Friday, 17th March 2023, 11:37 pm

ലെജന്‍ഡില്‍ അഭിനയിക്കാന്‍ നയന്‍താരയെ വിളിച്ചിരുന്നു; എന്നാല്‍ നായിക വേറെയൊരാള്‍ ആയിരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശരവണാ സ്‌റ്റോഴ്‌സ് ഉടമയായ ശരവണന്റെ ആദ്യത്തെ സിനിമയായിരുന്നു ലെജന്‍ഡ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായതുകൊണ്ട് തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള പബ്ലിസിറ്റി തമിഴ്‌നാട്ടില്‍ ലഭിച്ചിരുന്നു. പക്ഷെ ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്രോള്‍ പേജുകളിലും സിനിമക്കെതിരെ ചര്‍ച്ചകളുണ്ടാവുകയും ചെയ്തു. എന്നാല്‍ സാമ്പത്തികമായി സിനിമ അത്ര പരാജയമായിരുന്നില്ല എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകരായ ജെഡി, ജെറി എന്നിവര്‍ സിനിമയെ സംബന്ധിച്ച് കൗതുകകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാന്‍ നയന്‍താരയെ സമീപിച്ചിരുന്നു എന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ നായികയാകാനല്ല താരത്തെ വിളിച്ചതെന്നും ഉപകഥാപാത്രമാകാനാണെന്നും അവര്‍ പറഞ്ഞു.

ഉര്‍വശി റൗട്ടേലയാണ് ഡോ. മധുമിത എന്ന നായിക കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ശരവണന്‍ നേരിടുന്ന ട്രോളുകളെ കുറിച്ചും ഇരുവരും പ്രതികരിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള ശരവണന്‍ ലെജന്‍ഡിനുവേണ്ടി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് അറിയില്ലെന്നും ജെഡിയും ജെറിയും പറഞ്ഞു.

2022ല്‍ തിയേറ്ററിലെത്തിയ സിനിമയില്‍ ഗീതിക തിവാരി, വിവേക്, വിജയ് കുമാര്‍, സുമന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം അടുത്തിടെയാണ് ഒ.ടി.ടി റിലീസിനെത്തിയത്. ചിത്രത്തിനെതിരെയും ശരവണന്റെ അഭിനയത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം ശരവണന്‍ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമക്ക് വേണ്ടി അദ്ദേഹം നടത്തിയ മേക്കോവറിന്റെ ചിത്രം ശരവണന്‍ തന്നെ പങ്കുവെച്ചിരുന്നു. പുതിയ യുഗം ആരംഭിക്കുന്ന എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം തന്റെ ഫോട്ടോ പങ്കുവെച്ചത്.

content highlight: directors of legend movie about nayantara

Latest Stories

We use cookies to give you the best possible experience. Learn more