ജീത്തു ജോസഫ് ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം എന്ന സിനിമ. ക്രൈം ത്രില്ലറായ ചിത്രം അന്ന് വരെ മലയാളത്തില്‍ ഇറങ്ങിയ ത്രില്ലര്‍ സിനിമകളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന് പിന്നാലെ ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്നു എന്ന തരത്തില്‍ പല ആരോപണങ്ങളും പൊലീസ് സേനയില്‍ നിന്ന് വരെ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ജീത്തു.
സിനിമകള്‍ തീര്‍ച്ചയായും സ്വാധീനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പണ്ടെല്ലാം ദൃശ്യം മോഡല്‍ എന്ന് കേട്ടാല്‍ അമ്പരപ്പ് തോന്നിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ചിരിച്ചു തള്ളുകയാണ് ചെയ്യാറെന്നും ജീത്തു പറയുന്നു. തന്നെ സ്വാധീനിച്ച ചില സിനിമാ സീനുകളെ കുറിച്ചും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആദ്യമൊക്കെ ദൃശ്യം മോഡല്‍ എന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പായിരുന്നു. പിന്നീട് അത് സാധാരണയായി മാറി. ഇപ്പോള്‍ ആരെങ്കിലും വന്ന്, അവിടെയൊരു സംഭവം നടന്നിട്ടുണ്ട് ദൃശ്യം മോഡല്‍ ആണെന്നാണ് കേട്ടത്, എന്ന് പറഞ്ഞാല്‍ ഞാന്‍ ആണോ എന്ന് ചോദിച്ച് ഞാന്‍ അങ്ങ് പോവും. പണ്ടൊക്കെ അത് കേള്‍ക്കുമ്പോള്‍ അയ്യോ എന്നായിരുന്നു എന്റെ റിയാക്ഷന്‍. ആ ഓക്കേയെന്ന് പറഞ്ഞ് ഞാന്‍ ചിരിച്ചങ്ങ് തള്ളും.
സിനിമ സ്വാധീനിക്കും അതിനൊരു സംശയവും വേണ്ട. ഞാനൊരു ഉദാഹരണം പറയാം. ഡൈ ഹാര്‍ഡ് 2 എന്ന പേരില്‍ ബ്ലൂ സീരിയസിന്റെ ഒരു ആക്ഷന്‍ പടമുണ്ട്. ആ സിനിമ കണ്ട് തിയേറ്ററില്‍ നിന്ന് നേരെ ഇറങ്ങി വന്നിട്ട് ഒരു പെട്ടികടയില്‍ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചു. തണുപ്പുള്ള ഒരു എയര്‍പോര്‍ട്ടിലാണ് ആ സിനിമ മുഴുവന്‍ നടക്കുന്നത്. സിനിമയിലെ നായകന്‍ വലിച്ചിട്ട് വിടുന്ന പോലെയാണ് ഞാന്‍ ചെയ്തത്. കാരണം എന്നെ അത് ഭയങ്കരമായിട്ട് സ്വാധീനിച്ചു.
നമ്മളെല്ലാം സോഷ്യല്‍ ഡ്രിങ്കര്‍ ആണ്. വല്ലപ്പോഴും നമ്മള്‍ ലിക്കറെല്ലാം കഴിക്കും. എവിടെയെങ്കിലും ഒക്കെ ഇരിക്കുമ്പോള്‍ നമ്മള്‍ ഏതേലും സിനിമ കാണുമ്പോള്‍ ചിലര്‍ വിസ്‌ക്കികത്തേക്ക് നല്ല ഐസ് ഇട്ട് കുടിക്കുന്നത് കണ്ടാല്‍, ഓക്കേ ഇന്ന് വൈകുന്നേരം ഇങ്ങനെ കുടിച്ചേക്കാം എന്ന് കരുതും( ചിരിക്കുന്നു ). നമുക്കൊരു ടെന്‍ഡന്‍സി വരും. നമ്മളെ സ്വാധീനിക്കും. അതില്‍ നിന്ന് ഏത് എടുക്കണം എന്നതാണ് ചോദ്യം,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: Directors Jeethu Joseph Says about Influence of Movies