Entertainment
പൃഥ്വിരാജിനോട് എനിക്ക് സെന്റിമെന്റ്‌സ് കുറച്ച് കൂടുതലാണ്, അതിനൊരു കാരണമുണ്ട്: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 15, 05:24 am
Monday, 15th July 2024, 10:54 am

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് വൈശാഖ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ നായകരായെത്തിയ പോക്കിരിരാജയിലൂടെയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് വൈശാഖ് നടന്നുകയറി. മലയാളക്കര ഒന്നടങ്കം ആഘോഷിച്ച പുലിമുരുകനിലൂടെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നേടാനും വൈശാഖിന് സാധിച്ചു.

14 വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ഖലീഫ. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഖലീഫയുടെ ഷൂട്ട് 2025ഓടെ ആരംഭിക്കുമെന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു. പൃഥ്വിരാജുമായി തനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും ഈ സിനിമ കുറച്ച് സ്‌പെഷ്യലാണെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

സംവിധായകനെന്ന നിലയില്‍ താന്‍ ആദ്യമായി ക്യാപ്ചര്‍ ചെയ്തത് പൃഥ്വിയുടെ മുഖമാണെന്ന് വൈശാഖ് പറഞ്ഞു. പോക്കിരിരാജയുടെ ഷൂട്ടില്‍ വരിക്കാശ്ശേരി മനയുടെ മുന്നില്‍ നില്‍ക്കുന്ന പൃഥ്വിയുടെ ഷോട്ടാണ് താന്‍ ആദ്യം എടുത്തതെന്നും ഫസ്റ്റ് ലവ് എന്ന് പറയുന്ന തരത്തിലുള്ള അടുപ്പമാണ് പൃഥ്വിയോടെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഇക്കാര്യം പറഞ്ഞത്.

‘അടുത്ത സിനിമ പൃഥ്വിയെ നായകനാക്കി ചെയ്യുന്ന ഖലീഫയാണ്. അതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്നിലധികം വിദേശ ലൊക്കേഷനുള്ള സിനിമയാണിത്. കുറച്ച് സമയമടുക്കുന്ന വര്‍ക്കാണ് ഈ സിനിമയ്ക്കുള്ളത്. പൃഥ്വിയോട് എനിക്ക് കുറച്ചധികം സെന്റിമെന്റ്‌സുണ്ട്. കാരണം, ഞാന്‍ എന്ന സംവിധായകന്‍ ക്യാമറയിലൂടെ ആദ്യമായി കണ്ടത് പൃഥ്വിയുടെ മുഖമാണ്.

പോക്കിരിരാജയുടെ ഷൂട്ട് വരിക്കാശ്ശേരി മനയിലായിരുന്നു. അവിടെ ആദ്യം എടുത്ത ഷോട്ട് പൃഥ്വി ആ വീടിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നതാണ്. ആദ്യ പ്രണയം പോലെ പ്രധാനമാണല്ലോ ആദ്യമായി എടുത്ത ഷോട്ട്. എന്നെ സംബന്ധിച്ച് അത് കുറച്ചധികം സ്‌പെഷ്യലാണ്. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും പൃഥ്വിയുടെ കൂടെ വര്‍ക്ക് ചെയ്യുന്നു എന്നതാണ് ഖലീഫ എന്ന സിനിമയുടെ പ്രത്യേകത,’ വൈശാഖ് പറഞ്ഞു.

Content Highlight: Director Vyshaykh about Khalifa movie and Prithviraj