| Thursday, 17th February 2022, 5:29 pm

ഒരു ആറാട്ട് തന്നെയായിരിക്കും ഈ സിനിമ, അതുകൊണ്ടാണ് ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായി വരാത്തത് : സംവിധായകന്‍ വ്യാസന്‍ എടവനക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ആറാട്ട് ഫെബ്രുവരി 18നാണ് തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ‘ആറാട്ട്’ സിനിമ വന്‍ഹിറ്റാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍ എടവനക്കാട്.

സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം സിനിമയെ കുറിച്ച് സംസാരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നാകും സിനിമയെന്നും അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ബി. ഉണ്ണികൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വ്യാസന്‍ പറയുന്നു.

‘നാളെ ഈ സമയത്ത് നെയ്യാറ്റിന്‍കര ഗോപന്റേ ആറാട്ട് ആദ്യ പ്രദര്‍ശനം നിങ്ങള്‍ കണ്ടു കഴിഞ്ഞിരിക്കും. അപ്പോഴേക്കും കേരളത്തിലെ ബോക്‌സ് ഓഫീസ് നെയ്യാറ്റിന്‍കര ഗോപന്‍ കൈയടക്കി കഴിഞ്ഞിരിക്കും. ഇതൊരു ഉറപ്പാണ് ഒരു ആരാധകന്‍ എന്നുള്ള രീതിയില്‍, ഈ ചിത്രം കണ്ട ആദ്യ പ്രേക്ഷകരില്‍ ഒരാള്‍ എന്ന നിലയില്‍ എന്റെ ഉറപ്പ്,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ എക്കാലത്തേയും ഹിറ്റുകളിലൊന്നാവും ആറാട്ടെന്നും ആരാധകര്‍ക്ക് സിനിമ നിരാശ സമ്മാനിക്കില്ലെന്നും വ്യാസന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു കാര്യം പറയാം, മോഹന്‍ലാല്‍ എന്ന മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ സൂപ്പര്‍താരത്തിന്
വന്‍ ഹിറ്റ് നല്‍കും. ആറാട്ട് വിന്റേജ് മോഹന്‍ലാലിനെ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് തീര്‍ച്ചയായും ഒരു ആറാട്ട് തന്നെയായിരിക്കും ഈ സിനിമ. നെയ്യാറ്റിന്‍കര ഗോപനെ ആഘോഷിക്കാന്‍ തയ്യാറെടുക്കുക. ഇതുവരെ നിങ്ങള്‍ ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനില്‍ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിച്ചത്? അതിനൊക്കെ അപ്പുറത്തായിരിക്കും ഈ സിനിമ നിങ്ങള്‍ക്ക് നല്‍കുന്നത്.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ ഏതാണ്ട് അദ്ദേഹത്തിന്റെ എല്ലാ സൂപ്പര്‍ താര മാനറിസങ്ങളും അതിവിദഗ്ധമായി സംയോജിപ്പിച്ച്, ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്താണോ കാണാന്‍ ആഗ്രഹിക്കുന്നത് അതെല്ലാം ഒരൊറ്റ സിനിമയില്‍ കൊണ്ടുവന്നിരിക്കുന്ന അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ബി. ഉണ്ണികൃഷ്ണന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്,’ പോസ്റ്റില്‍ പറയുന്നു.

ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ ആറാട്ടിന് മുമ്പും ആറാട്ടിന് ശേഷവും എന്ന് അടയാളപ്പെടുത്തും എന്നത് അവിതര്‍ക്കിതമാണ്. മറ്റൊരുപേര് സാക്ഷാല്‍ ഉദയ് കൃഷ്ണയുടെതാണ് മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഇണങ്ങുന്ന വിധം അവര്‍ക്ക് അനുയോജ്യമായ കുപ്പായം തയ്ക്കാന്‍ ഇത്രയും മികച്ച ഒരു ടെയ്‌ലര്‍, തിരക്കഥാ രംഗത്ത് മലയാളത്തില്‍ ഇന്ന് വരേയ്ക്കും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാമെന്നും വ്യാസന്‍ പറഞ്ഞു.

‘ ട്വന്റി 20 എന്ന ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ചകളില്‍ അദ്ദേഹത്തിനൊപ്പം സഹകരിച്ച ഒരാളാണ് ഞാന്‍. ഇന്നും ഉദയകൃഷ്ണയുടെ കഥകളുടെ ആദ്യ കേള്‍വിക്കാരില്‍ ഒരാള്‍ കൂടിയായ ഞാന്‍ ഒന്ന് ഉറപ്പിച്ചു പറയുന്നു 20/20,പുലി മുരുകന്‍ എന്നീ ചിത്രങ്ങളില്‍ നിന്ന്, നമുക്ക് പ്രേക്ഷകര്‍ക്ക് ലഭിച്ച അള്‍ട്ടിമേറ്റ് എന്റര്‍ ടൈനര്‍ എന്നുപറയാവുന്ന റിസള്‍ട്ട് ഉണ്ടല്ലോ അത് തന്നെയായിരിക്കും ആറാട്ടും നമുക്ക് നല്‍കാന്‍ പോകുന്നത്.

ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ മാത്രം ഒരു മാജിക്കാണ് തിരക്കഥയില്‍ സൂപ്പര്‍ താരങ്ങളെ കോര്‍ത്തിണക്കി എങ്ങനെ അനുയോജ്യമായ രീതിയില്‍ മാറ്റി മറിക്കണം, സിനിമയെ ഏതൊക്കെ രീതിയില്‍ കൊണ്ടുപോകണമെന്നത്. അദ്ദേഹത്തിന്റെ മാത്രമായ ഒരു മാജിക്കല്‍ ശൈലിയാണ് ആ ശൈലിയുടെ അള്‍ട്ടിമേറ്റ് പ്രതിരൂപം ആയിരിക്കും ആറാട്ട്,’ പോസ്റ്റില്‍ പറയുന്നു.

എന്ന് കരുതി ഇത് ഉദാത്ത സിനിമയാണെന്ന് അല്ല പറഞ്ഞ് വന്നതെന്നും പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുന്ന 100% എന്റര്‍ടെയ്‌നര്‍ എന്ന് മാത്രമാണെന്നും വ്യാസന്‍ കൂട്ടിച്ചേര്‍ത്തു.

‘ഓര്‍ത്തു വെച്ചുകൊള്ളുക, നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആവാനാണ് സാധ്യത. മാത്രമല്ല മലയാളസിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ.

കാത്തിരിക്കുക മണിച്ചിത്രത്താഴിലെ അവസാന രംഗത്ത് നാഗവല്ലിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിപ്പിച്ച ഗംഗയെ നകുലന്റെ മാറിലേക്ക് ചേര്‍ത്ത് നിറുത്തി കൊണ്ട് ഡോക്ടര്‍ സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘മനസ്സിന്റെ ഓരോ പരമാണുകൊണ്ടും നിന്നേ സ്‌നേഹിക്കുന്ന ജീവസും, ഓജസും ഉള്ള ഈ ഗംഗയെ നിനക്ക് തിരിച്ച് തരാം എന്നാണ് ഞാന്‍ ഏറ്റത്. ഞാന്‍ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ’ നമ്മുടെ വിന്റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും, ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്.
ശേഷം സ്‌ക്രീനില്‍,’ അദ്ദേഹം പറഞ്ഞു.

തള്ളു കൊണ്ട് ഒരു സിനിമയും ഓടില്ലെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു പ്രദര്‍ശന ശാലകളില്‍ പ്രേക്ഷകരുടെ തള്ളുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു ഹിറ്റ് ഉണ്ടാവുക. അത് കൊണ്ടാണ് ഉറപ്പുണ്ടായിട്ടും, കോടികളുടെ ബിസിനസ് നടന്നിട്ടും, ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായി വരാത്തതെന്നും വ്യാസന്‍ പറയുന്നു.


Content Highlights: Director Vysan Edavanakkad praising Arattu movie

We use cookies to give you the best possible experience. Learn more