പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. റിലീസിന് മുമ്പെ തന്നെ ചിത്രം ചര്‍ച്ചയായിട്ടുണ്ട്.
ഫുള്ളി പാക്ക്ഡ് എന്റര്‍ടെയ്‌നറാണെങ്കിലും മോണ്‍സ്റ്റര്‍ ഒരിക്കലും ഒരു മാസ് സിനിമയോ ഹീറോയിസം ഓറിയന്റഡ് സിനിമയോ അല്ല എന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്. ചിത്രത്തെപ്പറ്റി ആരുമൊന്നും പറയാന്‍ പാടില്ലെന്നാണ് തന്റെ ആഗ്രഹമെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.
”മോണ്‍സ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാന്‍ പാടില്ല എന്നാണ് എന്റെ ആഗ്രഹം. കാരണം അതിന്റെ ആസ്വാദനത്തിന്റെ സാധ്യതകളെ അത് നശിപ്പിച്ച് കളയും. വളരെയേറെ എക്‌സൈറ്റ്‌മെന്റ് തരുന്ന ഒരു എന്റര്‍ടെയിന്‍മെന്റ് പോയിന്റുള്ള സ്‌ക്രിപ്റ്റാണ് ഈ സിനിമയുടേത്.
ഓരോ മുഹൂര്‍ത്തങ്ങളും നമുക്ക് രസകരമായി ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണ്. അതിന്റെ എക്‌സൈറ്റ്‌മെന്റ് നശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാനിങ്ങനെ പറയുന്നത്. അല്ലാതെ എന്റെ എല്ലാ സിനിമകളിലും അതിലെ കഥാപാത്രങ്ങളുടെ വിശദാംശങ്ങള്‍ ഞാന്‍ പറയാറുണ്ട്.
പക്ഷെ മോണ്‍സ്റ്ററില്‍ മാത്രം അതിലെ രഹസ്യം നില്‍ക്കട്ടെ. സിനിമ ഇറങ്ങിയ ശേഷമാണെങ്കിലും നിങ്ങള്‍ കഥയെന്താണ് മറ്റുള്ളവരോട് ചോദിച്ചറിയാതെ ആ സിനിമ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി എക്‌സൈറ്റ്‌മെന്റ് കിട്ടും. കാഴ്ചക്കാരന് നല്ല ആസ്വാദനം ലഭിക്കാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നത്.
ഇതൊരു ത്രില്ലര്‍ സിനിമയാണ്. ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ള ഒരു സിനിമയുമായും ബന്ധമില്ലാത്ത ഒരു പുതിയ എക്‌സ്പിരിമെന്റാണ് മോണ്‍സ്റ്റര്‍. ഫുള്ളി പാക്ക്ഡ് എന്റര്‍ടെയ്‌നറാണ്, പക്ഷെ ഒരിക്കലും ഇതൊരു മാസ് സിനിമയല്ല. ഹീറോയിസം ഓറിയന്റഡ് സിനിമയുമല്ല.
ഇന്റലിജന്റായ ഒരു തിരക്കഥയുടെയും ക്രാഫ്റ്റിന്റെയും മേക്കേഴ്‌സ് മൂവിയുടെയും പ്രത്യേകതയുള്ള സിനിമയാണ്, അത് സ്‌പോയില്‍ ചെയ്യരുത്.
എനിക്ക് ഇക്കാര്യത്തില്‍ ഏറ്റവും വലിയ നന്ദി പറയാനുള്ളത് ലാല്‍ സാറിനോട്. അദ്ദേഹത്തെ പോലെ ഒരാള്‍ ഈ സിനിമയുടെ ഭാഗമാകാന്‍ കാണിച്ച മനസ് വലുതാണ്. ഞങ്ങള്‍ പുലിമുരുകന്‍ ശേഷം ഒരുമിച്ചൊരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വേറെ ഒരുപാട് ഓപ്ഷന്‍സ് ചൂസ് ചെയ്യാമായിരുന്നു.
ഇങ്ങനെയൊരു ആഗ്രഹം ഞങ്ങള്‍ പറഞ്ഞപ്പോള്‍, ഇത്തരമൊരു സിനിമ ചെയ്താലോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ എക്‌സൈറ്റ്‌മെന്റ് കാണണമായിരുന്നു.
ഇത് നമ്മള്‍ ചെയ്യുന്നു, എന്ന് പറഞ്ഞ ആ മനസ് വളരെ വലുതാണ്,” വൈശാഖ് പറഞ്ഞു.
ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന മോണ്‍സ്റ്ററില്‍ ഹണി റോസ്, സുദേവ് നായര്‍, ലെന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Director Vysakh talks about the movie Monster with Mohanlal